മുംബൈ: കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇടംനേടി സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ‘ഒഴുകി ഒഴുകി ഒഴുകി’. ഇന്ത്യന്‍ ഭാഷ വിഭാഗത്തിലാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ അഞ്ചിനാണ് 29-ാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേള ആരംഭിക്കുന്നത്. ഡിസംബര്‍ ആറിനും എട്ടിനും ഉച്ചക്ക് 1.30ന് ചിത്രം പ്രദര്‍ശിപ്പിക്കും.
ബോട്ടപകടത്തില്‍ കാണാതായ പിതാവിനെ അന്വേഷിക്കുന്ന പന്ത്രണ്ടുകാരന്‍ പാക്കരനാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം. സഞ്ജീവ് ശിവന്റെ മകന്‍ സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് പാക്കരന്റെ വേഷമിടുന്നത്. ഭാര്യ ദീപ്തി പിള്ള ശിവനാണ് ചിത്രത്തിന്റെ നിര്‍മാണം. സൗബിന്‍ ഷാഹിര്‍, നരേന്‍, നന്ദു, യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, അഞ്ജന അപ്പുക്കുട്ടന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ബി.ആര്‍. പ്രസാദിന്റെ തിരകഥക്ക് ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും, ബോളിവുഡ് സംഗീത സംവിധായകന്‍ തോമസ് കാന്റിലന്‍ സംഗീതവും, സംസ്ഥാന അവാര്‍ഡ് ജേതാവ് മനോജ് പിള്ള ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. അപരിചിതന്‍, വേനലൊടുങ്ങാതെ തുടങ്ങിയവയാണ് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.