പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ കൊലപാതകം നടത്തിയ 5 പേരും പിടിയിലായി.
അതേസമയം, സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ കെ ഹരിപാലിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് അവസാനഘട്ടത്തിലാണെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
സഞ്ജിത്ത് വധക്കേസ് സി ബി ഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. സി ബി ഐ അന്വേഷണം ആവശ്യമായ ചില വശങ്ങള്‍ കേസിലുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് തിടുക്കമെന്താണെന്നും കോടതി ചോദിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബര്‍ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികള്‍ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീര്‍ഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.