ഉത്തേജക പരിശോധനയില്‍ ഭാരോദ്വഹന താരം സഞ്ജിത ചാനു പരാജയപ്പെട്ടതായ റിപ്പോര്‍ട്ട് തിരുത്തി ഇന്റര്‍നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍. ചാനു മരുന്നടിച്ചതായുള്ള ഫലം തെറ്റായിരുന്നെന്നാണ് നാഡയ്ക്ക് അയച്ച റിപ്പോര്‍ട്ടിലുള്ളത്. ഇതേ തുടര്‍ന്ന് താരം അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയിലാണ് ചാനുവിനെതിരെയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതേതുടര്‍ന്ന് ചാനുവിന് ഭാഗികമായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ താരത്തിന്റെ മെഡല്‍ തിരിച്ചെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
രണ്ടു തവണയാണ് ഇന്റര്‍ നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ ചാനുവിന്റെ മൂത്ര സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തത്. അമേരിക്കന്‍ ഏജന്‍സി എടുത്ത സാമ്പിളില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് മെയില്‍ ഇന്ത്യന്‍ ഏജന്‍സിയായ നാഡയ്ക്ക് റിപ്പോര്‍ട്ട് വന്നു. ഇതിന് പിന്നാലെയാണ് താരത്തിന് വിലക്കുവന്നത്. വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന് സംഭവിച്ചത് ഗുരുതരമായ പിഴവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഡ്മിനിസ്‌ട്രേഷന്‍ മിസ്റ്റേക്ക് എന്നാണ് ഫെഡറേഷന്‍ ഇപ്പോള്‍ പറയുന്നത്.