അഹ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫിസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് എല്ലാവിധ മര്യാദകളും ലംഘിക്കുന്ന തരത്തിലായിരുന്നുവെന്ന് ഭാര്യ ശ്വേത ഭട്ടിന്റെ വെളിപ്പെടുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് ശ്വേതയുടെ വിമര്‍ശനങ്ങള്‍. ”ഏകാധിപതികളും കൊലയാളികളും എല്ലാം കാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ അജയ്യരാണെന്ന് തോന്നും. എന്നാല്‍ അവസാനം അവര്‍ തകരുക തന്നെ ചെയ്യും”- മോദിയെ വിമര്‍ശിച്ച് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടമാണിത്. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും എന്നെത്തേക്കാളും ആവശ്യമുള്ളത് ഇപ്പോഴാണ്. എങ്കില്‍ മാത്രമേ അദ്ദേഹത്തെ ജയില്‍ മോചിതമാക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസിനെയും ജുഡീഷ്യറിയേയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ അദ്ദേഹത്തോട് പകപോക്കുകയാണെന്ന് ശ്വേത ഭട്ട് ആരോപിക്കുന്നു.
22 വര്‍ഷം പഴക്കമുള്ള കേസില്‍ ഒരു വലിയ യൂനിറ്റ് പൊലീസ് എത്തി വീടിനകവും പുറവും വളഞ്ഞാണ് അറസ്റ്റ് നടത്തിയത്. പൊലീസുകാര്‍ തങ്ങളുടെ യജമാനന്‍മാരെ തൃപ്തിപ്പെടുത്താന്‍ ചെയ്ത കൃത്യമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നയങ്ങള്‍ക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങളുന്നയിച്ചുപോന്ന സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയാണ് ശ്വേത ഭട്ട് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
ഡി.സി.പി ആയിരിക്കെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് 1998ല്‍ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് കാണിച്ചാണ് അറസ്റ്റ്. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.