സഞ്ജു സ്വന്തം കഴിവ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്ത്രി

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തന്റെ കഴിവ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും ക്രിക്കറ്റ്താരവുമായ രവി ശാസ്ത്രി. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന പ്രതിഭ സഞ്ജുവിനുണ്ടെന്നും കരിയര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന് ലോകത്തിലെ മികച്ച താരമാകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

‘സഞ്ജു ഇതുവരെ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞിട്ടില്ല. ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. പക്ഷേ എന്തോ ഒന്ന് സഞ്ജുവില്‍ കുറവുണ്ട്. അദ്ദേഹം ലോകോത്തരതാരമായി കരിയര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഞാന്‍ നിരാശനാകും.’ ശാസ്ത്രി പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ ഇടം കൈയ്യന്‍ ബാറ്റര്‍മാരെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രി സംസാരിച്ചു. ‘ബാറ്റിങ്ങില്‍ ബാലന്‍സ് കിട്ടണമെങ്കില്‍ ആദ്യ ആറ് ബാറ്റര്‍മാരില്‍ രണ്ട് പേര്‍ ഇടംകൈയ്യന്‍മാരാകണം. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, യശസ്വി ജയ്സ്വാള്‍ തുടങ്ങിയ താരങ്ങളെ പരിഗണിക്കാവുന്നതാണ്. വിക്കറ്റ് കീപ്പറായി സഞ്ജുവിനെ നിലനിര്‍ത്തണം. സീനിയര്‍ താരങ്ങളേക്കാള്‍ ജൂനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കണം’ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Top