ബാര്‍ബഡോസ് : കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ നേരിട്ടുള്ള ത്രോയില്‍ എം എസ് ധോണി റണ്ണൗട്ടായപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് ഫൈനല്‍ ബര്‍ത്താണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യന്‍ ആരാധകര്‍. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായിരുന്ന ധോണി ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഫൈനല്‍ കളിക്കുമായിരുന്നു എന്ന് വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങളുമില്ല.
ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ റണ്ണൗട്ടായപ്പോഴും ആരാധകര്‍ ഓര്‍ത്തത് ധോണിയുടെ റണ്ണൗട്ടാണ്. അന്ന് രണ്ടാം റണ്ണിനായി ഓടിയപ്പോഴാണ് ധോണി റണ്ണൗട്ടായതെങ്കില്‍ ഇന്നലെ വിന്‍ഡീസിനെതിരെ അക്ഷര്‍ പട്ടേല്‍ കവറിലേക്ക് തട്ടിയിട്ട പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ചപ്പോഴാണ് സഞ്ജു റണ്ണൗട്ടായത്. വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ പതിനഞ്ചാം ഓവര്‍ പൂര്‍ത്തിയാവുമ്പോഴും ഉറച്ച വിജയപ്രതീക്ഷയിലായിരുന്നു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 113-4 എന്ന സ്കോറിലായിരുന്നു. 30 പന്തില്‍ ജയിക്കാന്‍ വേണ്ടത് 37 റണ്‍സ് മാത്രം.
— No-No-Crix (@Hanji_CricDekho) August 3, 2023
എന്നാല്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനാറാം ഓവറാണ് കളി മാറ്റിയത്. ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്ലീന്‍ ബൗള്‍ഡാക്കിയ ഹോള്‍ഡര്‍ ഇന്ത്യയെ ഞെട്ടിച്ചു. പിന്നീട് ക്രീസിലെത്തിയത് അക്ഷര്‍ പട്ടേലായിരുന്നു. ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതെ സമ്മര്‍ദ്ദത്തിലായ അക്ഷര്‍ അടുത്ത പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ചു. കവറിലേക്ക് തട്ടിയിട്ട പന്തില്‍ സിംഗിളിനായി ഓടിയെങ്കിലും പന്ത് എത്തിയത് കെയ്ല്‍ മയേഴ്സിന്റെ കൈകളിലേക്കായിരുന്നു.
പന്തെടുത്ത മയേഴ്സ് സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റിറ്റ് ലക്ഷ്യമാക്കി അതിവേഗം ത്രോ ചെയ്തു. പന്ത് നേരിട്ട് സ്റ്റംപിളക്കുമ്പോള്‍ സഞ്ജു ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നു. ഒരോവറില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീണതോടെ ഹോള്‍ഡറുടെ ഓവര്‍ വിക്കറ്റ് മെയ്ഡനായി. സഞ്ജുവിന്റെ റണ്ണൗട്ടും ഹോള്‍ഡറുടെ ഇരട്ടപ്രഹരവുമാണ് മത്സരത്തില്‍ ഇന്ത്യയെ നാലു റണ്‍സ് തോല്‍വിയിലേക്ക് തള്ളിവിട്ടത്. അവസാന ഓവറില്‍ 10 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്ന ഇന്ത്യക്ക് സഞ്ജുവിനെപ്പോലൊരു ബാറ്റര്‍ ക്രീസിലുണ്ടായിരുന്നെങ്കില്‍ അനായാസം ലക്ഷ്യത്തിലെത്താമായിരുന്നു.