ദക്ഷിണാഫ്രിക്കയ്ക്കെതിരായ സഞ്ജു സാംസന്റെ ഇന്നിങ്സിനെ പുകഴ്ത്തി ; സുനില്‍ ഗാവസ്‌ക്കര്‍

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ സഞ്ജു സാംസന്റെ ഇന്നിങ്സിനെ പുകഴ്ത്തി മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌ക്കര്‍. ഈ സെഞ്ചുറി താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015-ല്‍ ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ച സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്. രണ്ടു വര്‍ഷം മാത്രം പ്രായമായ ഏകദിന കരിയറിലെയും ആദ്യ സെഞ്ചുറി. തന്റെ സ്വാഭാവിക ആക്രമണ സഹജാവബോധത്തെ മാറ്റിനിര്‍ത്തിയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 114 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും സഹിതം 108 റണ്‍സാണ് താരം നേടിയത്. സഞ്ജുവിന്റെ സെഞ്ചുറി മികവില്‍ 296 റണ്‍സെടുത്ത ഇന്ത്യ 78 റണ്‍സിന്റെ ജയവും പരമ്പരയും സ്വന്തമാക്കി.

”ഈ സെഞ്ചുറി അവന്റെ അവന്റെ കരിയര്‍ മാറ്റിമറിക്കും. അദ്ദേഹത്തിന്റെ കഴിവ് നമുക്കെല്ലാം അറിയാം. എന്നാല്‍ ആ മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാറില്ലെന്ന് നമ്മള്‍ പറയാറുണ്ട്. ഇന്ന് അദ്ദേഹം തനിക്ക് ലഭിച്ച അവസരം മുതലാക്കി. അത് നമുക്ക് വേണ്ടി മാത്രമല്ല, അദ്ദേഹത്തിനു വേണ്ടികൂടിയാണ്.” – ഗാവസ്‌ക്കര്‍ വ്യക്തമാക്കി. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനായിരുന്നു ഇന്നിങ്സിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top