അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് ആദ്യ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

പാള്‍: മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി. പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 114 പന്തുകള്‍ നേരിട്ട് 108 റണ്‍സ് നേടി താരം പുറത്തായി. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍. ഇന്ന് മൂന്നാമനായി ക്രീസിലെത്തിയാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സഞ്ജു സെഞ്ചുറി നേടുന്നത്.

തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഇതുവരെ നൂറിലധികം റണ്‍സ് പടുത്തുയര്‍ത്താനും സഞ്ജുവിന് സാധിച്ചു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് സെഞ്ചുറിയുമായി സഞ്ജു ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നത്. അരങ്ങേറ്റക്കാരന്‍ രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), തിലക് വര്‍മ (52) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിങ്കു സിംഗും അക്‌സർ പട്ടേലുമാണ് ക്രീസിലുള്ളത്.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ആതിഥേയര്‍ ഇന്നിറങ്ങുന്നത്. അതേസമം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. വിരലിന് പരിക്കേറ്റ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഇന്ന് പ്ലേയിംഗ് ഇലവനിലില്ല. പകരം രജത് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നു. ബൗളിംഗില്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണിതെന്ന് ടോസിനുശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു.

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): സായ് സുദര്‍ശന്‍,സഞ്ജു സാംസണ്‍, രജത് പതിദാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവന്‍): റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍.

Top