ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജു സാംസണും

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരമായ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. ശ്രേയ്യസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെത്തിയിട്ടുണ്ട്. മറ്റൊരു വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം ട്വന്റി 20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കി കൊണ്ടാണ് യുവ താരങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുന്ന ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഈമാസം 6, 9, 11 തിയ്യതികളിലാണ് മത്സരങ്ങള്‍. മലയാളി താരം സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നെങ്കിലും ശ്രേയ്യസ് അയ്യരെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡ് എ ടീമിനെ എതിരെ ഇന്ത്യന്‍ എ ടീമിനെ സഞ്ജുവാണ് നയിച്ചത്. നായകനായും ബാറ്ററായും താരം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം എത്തുമെന്നത് ഉറപ്പായിരുന്നു.

സാഹചര്യങ്ങള്‍ പെട്ടന്ന മനസിലാക്കാന്‍ ടി20 ലോകകപ്പിനുള്ള താരങ്ങള്‍ നേരത്തെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ഒക്ടോബര്‍ 10നാണ് ഇന്ത്യന്‍ ടീം പറക്കുക. അതുകൊണ്ടാണ് ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട കോലിയും ഉള്‍പ്പെടെയുള്ള താരങ്ങളെ ഉള്‍പ്പെടുത്താത്. മാത്രമല്ല, ലോകകപ്പിന് മുന്നോടിയായി ടീം ഓസ്‌ട്രേലിയയുമായി സന്നാഹ മത്സരവും കളിക്കുന്നുണ്ട്.

Top