ഐപിഎൽ മൈതാനത്ത് സംഹാര താണ്ഡവമാടി സഞ്ജു സാംസൺ

ദുബായ് : ഐപിഎൽ 13 ആം സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മലയാളികയുടെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്സിന് രാജസ്ഥാൻ റോയൽസിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 16 റൺസിനായിരന്നു രാജസ്ഥാൻ റോയൽസിന്റെ ജയം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ചെന്നെെക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ ആയുള്ളു. 2010നു ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനെ ഇതാദ്യമായാണ് രാജസ്ഥാൻ റോയൽസ് തോല്പിക്കുന്നത്. ഷാര്‍ജയില്‍ ചെന്നൈക്കെതിരെ വെറും 19 പന്തിലായിരുന്നു സഞ്ജു 50 തികച്ചത്. മത്സരം രാജസ്ഥാന്‍ 16 റണ്‍സിന് വിജയിച്ചപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവാണ്. സഞ്ജു 32 പന്തില്‍ ഒൻപത് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സെടുത്തു. നാല് വീതം ബൗണ്ടറിയും സിക്സറുകളും പറത്തിയ സ്മിത്ത് 47 പന്തിൽ നിന്നാണ് 69 റൺസെടുത്തത്.

സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ പോലും ട്വീറ്റ് ചെയ്യുകയുണ്ടായി. സഞ്ജുവിന്റെ ക്ലീന്‍ സ്‌ട്രൈക്കിങ് എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. സ്ലോഗുകളല്ല, വ്യക്തമായ ക്രിക്കറ്റ് ഷോട്ടുകളാണ് എന്നാണ് സച്ചിൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം സഞ്ജു സാംസണിന് ഇടം കണ്ടെത്താനാവാത്ത ഒരേയൊരു സ്ഥലം ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവനാണ് എന്നത് വിചിത്രമാണെന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്. മറ്റെല്ലാവരും ഇരുകൈയും നീട്ടി സഞ്ജുവിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. ട്വീറ്റിൽ ബിസിസിഐയെ കൂടി ഗൗതം ടാഗ് ചെയ്തിരുന്നു.

നാല് ഓവറിൽ ചൗള 55 റൺസ് വഴങ്ങിയപ്പോൾ, എൻ​ഗിഡി 56 റൺസാണ് വിട്ടുകൊടുത്തത്. ചെന്നെക്കായി സാം ക്യുറൻ മൂന്ന് വിക്കറ്റെടുത്തു. എന്നിരുന്നാലും രാജസ്ഥാന് മുന്നിൽ ചെന്നൈയ്ക്ക് അടിപതറി . 231 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റുവീശീയ സഞ്ജു രണ്ട് ഐപിഎൽ മത്സരങ്ങളില്‍ ഒന്‍പതോ അതിലധികമോ സിക്സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. ആകെ വിതരണം ചെയ്ത അഞ്ച് പുരസ്കാരങ്ങളില്‍ നാലും സഞ്ജു നേടി. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഏറ്റവും കൂടുതൽ സിക്സര്‍ നേടിയ ബാറ്റ്സ്‌മാനുള്ള പുരസ്‌കാരം എന്നിവയാണ് സഞ്ജു വാരിക്കൂട്ടിയത്.

Top