ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ പട നയിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇന്ത്യന്‍ ടീം നായകനായി മലയാളി താരം സഞ്ജു വി സാംസണെ നിയമിച്ചു.

ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു.

കൊല്‍ക്കത്തയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമിന്റെ നായകനായാണ് 22കാരനായ സഞ്ജു വി സാംസണിനെ നിയമിച്ചത്.

നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന മധ്യപ്രദേശ് താരം നമാന്‍ ഓജയ്ക്ക് പരിക്കേറ്റതാണ് സഞ്ജുവിന് തുറുപ്പുചീട്ടായത്.

കാര്യവട്ടത്ത് നടന്ന ട്വന്റി-20 മത്സരത്തിനിടെ കൂടിക്കാഴ്ച നടത്തിയ ദേശീയ സെലക്ടര്‍ ശരണ്‍ദീപ് സിംഗാണ് പുതിയ ഉത്തരവാദിത്തത്തെ കുറിച്ചുള്ള സൂചന സഞ്ജുവിന് ആദ്യം നല്‍കിയത്.

ദിനേശ് ചാന്ദിമല്‍ നയിക്കുന്ന ശ്രീലങ്കന്‍ ടീമിനെതിരായ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍ രോഹന്‍ പ്രേം, പേസര്‍ സന്ദീപ് വാര്യര്‍, ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന എന്നീ കേരള താരങ്ങളും സഞ്ജുവിനൊപ്പം ചേരും.

സഞ്ജു തന്നെ വിക്കറ്റ് കീപ്പറാകാനാണ് സാധ്യത.

Top