കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് കേരളത്തിന്റെ യുവതാരം സഞ്ജു സാംസണേയും പരിഗണിക്കുമെന്ന് സൂചന.
നായകന്‍ വിരാട് കൊഹ്‌ലിക്ക് പിന്നാലെ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് കൂടി വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് യുവതാരങ്ങളെ പരിഗണിക്കാന്‍ സെലക്ടര്‍ ആലോചിക്കുന്നത്.
ഇവര്‍ക്ക് പകരം അഞ്ച് യുവതാരങ്ങള്‍ ടീമില്‍ ഇടംപിടിച്ചേക്കും. 2019 ലെ ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കുന്നത്. രോഹിത്ത് ശര്‍മ്മയായിരിക്കും ടീമിന്റെ നായകന്‍.
ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത്, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹല്‍, മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ജഡേജയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയ അക്ഷര്‍ പട്ടേല്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കും.
ഇവരോടൊപ്പം സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നാണ് മലയാളി ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം.
യുവരാജ് സിങ്ങിനെ ടീമില്‍ നിലനിര്‍ത്തുമോ എന്ന കാര്യം നിര്‍ണ്ണായകമാകും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ യുവി ഫോമിലായിരുന്നില്ല. യുവിയുടെ സ്ഥാനത്ത് റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയേക്കും എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതെസമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമില്‍ തിരിച്ചെത്തും.