തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് നായകൻ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. നാല് പുതുമുഖ താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരാണ് ടീമിലെ ഇതര സംസ്ഥാന താരങ്ങള്‍. ഇത് രണ്ടാം തവണയാണ് സഞ്ജു കേരളത്തെ നയിക്കുന്നത്. നേരത്തെ 2015-16 സീസണില്‍ സഞ്ജു ടീമിനെ നയിച്ചിരുന്നു. പിന്നീട് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. കേരള ടീമിന്റെ തൊപ്പി നൽകിയാണ് കെസിഎ ഭാരവാഹികൾ ശ്രീശാന്തിനെ സ്വീകരിച്ചത്.
ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കെതിരെയും 15 ന് ഡൽഹിക്കെതിരെയും 17 ന് ആന്ധ്രപ്രദേശിനെതിരെയും 19ന് ഹരിയാനയ്ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. മുംബൈയിലാണ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് ടീമില്‍ അംഗമാവുക എന്ന ലക്ഷ്യമുള്ളതിനാൽ ശ്രീശാന്തിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വത്സല്‍ ഗോവിന്ദ്, റോജിക് കെ ജി, ശ്രീരൂപ് എം പി എന്നിങ്ങനെയാണ് ടീമംഗങ്ങൾ.