സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

ഞ്ജു സാംസണെ വിന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നാല് വര്‍ഷത്തിന് ശേഷം ടി-20 ദേശീയ ടീമിലെത്തിയ സഞ്ജുവിന് ഒരു കളിയില്‍ പോലും അവസരം നല്‍കാതെയാണ് പുറത്താക്കിയത്.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമിൽ സഞ്ജുവിനെക്കൂടി ഉൾപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, ഏതെങ്കിലും താരത്തിന് പരുക്കേറ്റ സാഹചര്യത്തിലാണോ അതോ അധിക ബാറ്റ്സ്മാനായിട്ടാണോ സഞ്ജുവിനെ ഉള്‍പ്പെടുത്തുകയെന്നു വ്യക്തമല്ല. ഒരിക്കൽ ടീം പ്രഖ്യാപിച്ചു കഴിഞ്ഞാൽ താരങ്ങൾക്ക് പരുക്കേറ്റാലല്ലാതെ പുറത്തുനിന്ന് മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തുന്ന പതിവ് അപൂർവമാണെങ്കിലും സഞ്ജുവിന്റെ കാര്യത്തിൽ അതുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ബാംഗ്ലൂര്‍ മിററാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുത്തേക്കുമെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയതോടെയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. 2015ല്‍ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി -20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തില്‍ നിന്നും 19 റണ്‍ നേടിയ സഞ്ജുവിന് പിന്നീട് ടീമിലെത്താന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി-20 പരമ്പര ഡിസംബര്‍ ആറിനാണ് ആരംഭിക്കുക. മൂന്ന് മത്സര പരമ്പരയില്‍ രണ്ടാമത്തെ മത്സരം സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്താണ്. ഡിസംബര്‍ 15 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക.

Top