സന്നിധാനം: സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ മാറ്റണമെന്ന് ഒരാഴ്ച മുമ്പ് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങുന്നില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ക്ഷേത്രവരുമാനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ആവശ്യം ഉന്നയിച്ചതെന്നും ബാരിക്കേഡ് മാറ്റണമെന്ന് ഉന്നത ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടുവെന്നും എന്‍.വാസു വ്യക്തമാക്കി.
അതേസമയം ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തി. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവെയ്ക്കാം. നാമജപത്തിനായി കൂട്ടം കൂടുന്നതിനും വിലക്കില്ല. സംഘര്‍വാസ്ഥ ഉണ്ടായാല്‍ മാത്രമെ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ രാത്രി പത്ത് മണിയോടെ പുറത്തു വന്നു തുടങ്ങി.