Sanskrit Film ‘Ishti’ to Open Indian Panorama Section of IFFI 2016

പനാജി: ഗോവന്‍ ചലച്ചിത്രമേളയില്‍ കൈയടി നേടി സംസ്‌കൃത ചിത്രം ഇഷ്ടി. ഉദ്ഘാടന ചിത്രമായ ഇഷ്ടിയെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മല്‍സര വിഭാഗത്തിലെ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഡോ. ജി പ്രഭ സംവിധാനം ചെയ്ത ഇഷ്ടി. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ പറയുന്ന ചിത്രം അതിശക്തമായ സ്ത്രീപക്ഷ ചിത്രം കൂടിയാണത്.

1940 കളിലെ കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇഷ്ടി വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

നെടുമുടി വേണു കേന്ദ്രകഥാപാത്രമായ രാമവിക്രമന്‍ നമ്പൂതിരിയെ അവതരിപ്പിക്കുന്നു. 71കാരനായ രാമവിക്രമന്‍ നമ്പൂതിരിയുടെ മൂന്നാം ഭാര്യയായി 17 കാരിയായ ശ്രീദേവി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

മഹാകവി അക്കിത്തത്തിന്റെയും മധുസൂദനന്‍ നായരുടെയും കവിതകള്‍ക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം നല്‍കിയിരിക്കുന്നു. അക്കിത്തം ആദ്യമായി സിനിമക്ക് വേണ്ടി ഗാനരചന നടത്തിയെന്ന പ്രത്യേകതയും ഇഷ്ടിക്കുണ്ട്. സംസ്‌കൃതത്തിലെ ആദ്യത്തെ സാമൂഹിക സിനിമ എന്ന വിശേഷണവും ഇഷ്ടിക്ക് സ്വന്തമാണ്.

മുന്‍പ് പുറത്തിറങ്ങിയ നാല് സംസ്‌കൃത സിനിമകളും പുരാണവും ചരിത്രവും അടിസ്ഥാനമാക്കിയതായിരുന്നു. യാഗം, വേദാധ്യായനം, വേളി തുടങ്ങിയ പഴയ നമ്പൂതിരി ആചാരങ്ങള്‍ തിരശീലയില്‍ കാണാനായത് ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.

തുടര്‍ച്ചയായ രണ്ടാം തവണയായിരുന്നു ഇന്ത്യന്‍ പനോരമയില്‍ സംസ്‌കൃത സിനിമ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. വിനോദ് മങ്കരയുടെ പ്രിയമാനസം ആയിരുന്നു പോയ വര്‍ഷത്തെ ഉദ്ഘാടനചിത്രം.

Top