ഇടുക്കി: ഒരു ഗ്രമാത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ജുവാന. ശാന്തന്‍പാറയില്‍ കൊലപ്പെട്ട റിജോഷിന്റെ, രണ്ടരവയസുള്ള മകള്‍ ജുവാനയുടെ മൃതദേഹം സംസ്‌കരിച്ചു. പതിനൊന്ന് മണിയൊടെ ശാന്തന്‍പാറ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍ റിജോഷിനെ സംസ്‌കരിച്ചതിന് അടുത്തായിട്ടാണ് ജൊവാനയേയും സംസ്‌കരിച്ചത്.
മുംബൈയില്‍ നിന്ന് പുലര്‍ച്ചെ ഇടുക്കിയിലെത്തിച്ച കുഞ്ഞ് ജൊവാനയുടെ ചേതനയറ്റ ശരീരം ഒന്‍പത് മണിയോടെയാണ് ശാന്തന്‍പാറ പുത്തടിയിലുള്ള വീട്ടിലെത്തിച്ചത്.
അതേസമയം വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീമും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും അപകടനില തരണം ചെയ്തു. ലിജിയെ ഇന്ന് തന്നെ മഹാരാഷ്ട്ര പൊലീസും ശാന്തന്‍പാറ പൊലീസും ചോദ്യം ചെയ്‌തേക്കും. കുഞ്ഞിന്റെ മരണത്തില്‍ കൊലക്കുറ്റത്തിനും , ആത്മഹത്യാ ശ്രമത്തിനുമായി രണ്ട് കേസുകളാണ് ലിജിക്കും വസീമിനുമെതിരെ മഹാരാഷ്ട്ര പൊലീസ് എടുത്തിരിക്കുന്നത്.
ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടര വയസുള്ള മകളും ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പനവേലില്‍ എത്തിയത്. തുടര്‍ന്ന് പനവേലിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. മണിക്കൂറുകളായിട്ടും മുറിയില്‍ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനകം കുഞ്ഞ് മരിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.