ഇടുക്കി: ശാന്തൻപാറയിൽ കൊലപ്പെട്ട റിജോഷിന്‍റെ, രണ്ടരവയസുള്ള മകള്‍ ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈയിൽ നിന്നും വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം നാളെ ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ സംസ്കരിക്കും.
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ, കേസിലെ മുഖ്യപ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാൾക്കൊപ്പം വിഷം കഴിച്ച റിജോഷിന്‍റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പൊലീസ് ലിജിയുടെ മൊഴിയെടുത്തിട്ടില്ല. അടുത്ത ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയ ശേഷം മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടര വയസുള്ള മകളും ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പനവേലില്‍ എത്തിയത്. തുടര്‍ന്ന് പനവേലിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. മണിക്കൂറുകളായിട്ടും മുറിയില്‍ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനകം കുഞ്ഞ് മരിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.