അതൊരു ഉത്തരവായിരുന്നു, രസതന്ത്രം എന്ന സിനിമ അങ്ങനെ ഉണ്ടായതാണ്

ലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് കലാകേരളം വിട ചൊല്ലി . സംസ്‌കാരം വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. നിരവധി കലാകരന്മാരാണ് ഇന്നസെന്റിന് ഒപ്പമുളള ഓർമ്മകൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തികാട് ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിരിക്കുന്ന ഓർമ്മക്കുറിപ്പ് ചർച്ചയാകുകയാണ്.

ഇനിയില്ല എന്നുറപ്പായ നിമിഷം ആദ്യം സ്വയം ചോദിച്ചത് എന്തിനാണ് ഈ മനുഷ്യൻ എന്നെ ഇത്രമാത്രം സ്‌നേഹിച്ചതെന്നാണ്. സംവിധായകനും നടനും തമ്മിലുള്ള ബന്ധം മാത്രമാണെങ്കിൽ മരണം ഇത്ര പ്രശ്‌നമില്ലായിരുന്നു. എന്റെ ജീവിതത്തിന്റെ എല്ലാ ചില്ലകളിലേക്കും പടർന്നുകയറിയാണ് ഇന്നസന്റ് ജീവിച്ചത്. ഒരാളുമായി പരിധിയിലധികം ആത്മബന്ധമുണ്ടായിപ്പോകുന്നതിന്റെ വേദനയാണു രണ്ടു ദിവസമായി ഉണ്ടായിരുന്നത്. ഇല്ലാതായിപ്പോയതൊരു ധൈര്യവും ചാരിനിൽക്കാനുള്ള തൂണുമാണ്. ഏതു സമയത്തും ഇന്നസന്റ് എവിടെയെങ്കിലുമായി ഉണ്ടായിരുന്നു എന്നതൊരു ധൈര്യമാണ്. പതറിപ്പോകുമ്പോൾ വിളിച്ചാൽ അറിയാതെ എല്ലാ തളർച്ചയും ഇല്ലാതാകും.

പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ ഇന്നസന്റിന്റെ അതുവരെയുള്ള വേഷത്തിലൊരു മാറ്റംകൊണ്ടുവരാൻ തീരുമാനിച്ചു. തലമുടി ക്രോപ് ചെയ്തു. ഷൂട്ടിങ്ങിനിടയിൽ നാട്ടിലൊരു കല്യാണത്തിനുപോയി വന്ന ശേഷം പറഞ്ഞു; ആകെ നാണക്കേടായെന്ന്. എല്ലാ സ്ഥലത്തും ആളുകൾക്കു ചോദിക്കാനുണ്ടായിരുന്നതു പറ്റവെട്ടിയ തലയെക്കുറിച്ചു മാത്രം. ഭാര്യ ആലീസുപോലും കളിയാക്കി. അതു സാരമില്ലെന്നും ഒരു കഥാപാത്രമായി മാറുമ്പോൾ അതു പ്രശ്‌നമാക്കേണ്ടെന്നും ഞാൻ പറഞ്ഞു. എല്ലാവരും ചുറ്റും നിൽക്കെയാണതു പറഞ്ഞത്. എന്നാൽ, താൻപോയി തലമൊട്ടയടിച്ച് അന്തിക്കാടുവഴി നടന്നു തിരിച്ചുവാ; അപ്പോൾ മനസ്സിലാകും എന്താണു പ്രശ്‌നമെന്ന്. ഇന്നസന്റിന്റെ മറുപടി വെടിച്ചില്ലുപോലെ വന്നു. എന്തിനും ഇന്നസന്റിനു മറുപടിയുണ്ടായിരുന്നു; പ്രതിവിധിയും.

മോഹൻലാലും ഞാനുമായി 12 വർഷമായി സിനിമ ചെയ്തിരുന്നില്ല. ഇടക്കാലത്തുണ്ടായ പിണക്കമെല്ലാം മാറിയിരുന്നു. ഉടയോൻ എന്ന സിനിമയുടെ ലൊക്കേഷനിൽനിന്ന് ഇന്നസന്റ് വിളിച്ചു. അടുത്ത പടം സത്യനും ലാലുമായി ചെയ്യണം. ഞാൻ അവനോടും പറഞ്ഞിട്ടുണ്ട്. അതൊരു ഉത്തരവായിരുന്നു. രണ്ടു മിനിറ്റിനകം ലാൽ വിളിച്ചു, പിന്നാലെ ആന്റണി പെരുമ്പാവൂരും. രസതന്ത്രം എന്ന സിനിമ അങ്ങനെ ഉണ്ടായതാണ്. ഇന്നസന്റ് തീരുമാനിച്ചാൽ പിന്നെ അതിന് ആർക്കും എതിരില്ലായിരുന്നു.

ഇന്നസന്റ് എന്നും തൃപ്തനായിരുന്നു. എന്തും ഏതും മതി എന്നു പറയാൻ പഠിച്ചിരുന്നു. ഒരു സമ്പത്തിനും അദ്ദേഹത്തെ മോഹിപ്പിക്കാനായില്ല. വാരിവലിച്ചു സിനിമ ചെയ്തില്ല. കിട്ടിയ പ്രതിഫലത്തിൽ സന്തോഷത്തോടെ ജോലി ചെയ്തു. ഒരിക്കലും കോടികൾ സമ്പാദിക്കാനായി ജീവിച്ചില്ല. വലിയ നടനായശേഷം സിനിമ നിർമിക്കാമായിരുന്നിട്ടും അതു ചെയ്തില്ല. ജീവിതത്തിൽ എനിക്കിതുമതി എന്ന തോന്നൽ ഉണ്ടാകുക വലിയ കാര്യമാണ്. ജീവിതം മുഴുവൻ ഇന്നസന്റിന് അതുണ്ടായിരുന്നു. ആശുപത്രിയിൽവച്ച് അവസാന സമയത്തുമാത്രം ഇന്നസന്റ് പറഞ്ഞു, ‘ജീവിച്ചു മതിയായി’ എന്ന്. അതിനു മുൻപൊരിക്കലും ഇതു പറഞ്ഞിട്ടില്ല. മതിയായപ്പോൾ ഇന്നസന്റ് ജീവിതം അവസാനിപ്പിച്ചു പോകുകയും ചെയ്തു. എന്നെ അദ്ദേഹം പഠിപ്പിച്ച ഏറ്റവും വലിയ പാഠവും അതാണ്. എന്തിനും ഏതിനും തൃപ്തി വേണമെന്നദ്ദേഹം പഠിപ്പിച്ചു.

അവസാനം അഭിനയിച്ച സിനിമകളിലൊന്ന് എന്റെ മകൻ അഖിലിന്റെ ‘പാച്ചുവും അദ്ഭുത വിളക്കും’ ആണ്. അവിടെ ലൈവ് സൗണ്ട് റെക്കോർഡായിരുന്നു. ഞാൻ സെറ്റിൽ ചെന്നപ്പോൾ പറഞ്ഞു: ”താൻ പേടിക്കേണ്ട; ചെറുക്കനു നല്ല ബുദ്ധിയുണ്ട്. ഡബ്ബിങ് സമയത്തേക്കു ഞാൻ തട്ടിപ്പോയാലോ എന്നു കരുതി സൗണ്ട് നേരത്തേ പിടിച്ചുവയ്ക്കുകയാണ്”.

എന്റെ എല്ലാ കഥയിലും ഇന്നസന്റ് പറഞ്ഞുതരുന്ന പല കഥാപാത്രങ്ങളുമുണ്ടാകും. അത്രയേറെ കഥാപാത്രങ്ങളാണ് ആ മനസ്സിലുള്ളത്. ആ നാട്ടിൽ ജീവിച്ച ഓരോരുത്തരിൽനിന്നും ഇന്നസന്റ് കഥാപാത്രങ്ങളെ സ്വന്തമാക്കി. ഇതെങ്ങനെയാണെന്നു ഞാനും പ്രിയദർശനുമെല്ലാം അദ്ഭുതപ്പെട്ടിട്ടുണ്ട്. ആ കഥാപാത്രങ്ങളെയെല്ലാം എനിക്കു പറഞ്ഞുതന്നു. ഇന്നസന്റിനു മാത്രം ചെയ്യാവുന്ന കഥാപാത്രങ്ങളായിരുന്നു അത്. ഇതോടെ ആ കഥാപാത്രങ്ങളെല്ലാം അനാഥമായി. അവർക്ക് ഇനി ജീവനുണ്ടാകില്ല. മനസ്സിൽ തോന്നുന്ന കഥ ശരിയാണോ എന്നു പറഞ്ഞു നോക്കാനുള്ള ഒരാളെയാണ് എനിക്കു നഷ്ടപ്പെട്ടത്. എന്റെ മൊബൈലിൽ ഇത്രയധികം വിളിച്ച ഒരാളുണ്ടാകില്ല. ഒരുവിധത്തിൽ ആലോചിച്ചാൽ ഇനി മൊബൈൽ ആവശ്യമില്ല. അതു ഞാൻ സൂക്ഷിച്ചിരുന്നതും രാത്രിപോലും തലയ്ക്കടുത്തു വച്ചിരുന്നതും ഇന്നസന്റിന്റെ വിളിക്കുവേണ്ടിയായിരുന്നു.

Top