santhosh madhavan – 118 land – government

തൃശൂര്‍: മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കി സംസ്ഥാനസര്‍ക്കാരിന്റെ പാദസേവ. ആര്‍എംഇസെഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത വടക്കന്‍പറവൂരിലെയും മാളയിലെയും 118 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് റവന്യൂവകുപ്പിന്റെ ഉത്തരവിറങ്ങി. ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് 90 ശതമാനം നെല്‍പാടങ്ങളുള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്.

അന്ന് കമ്പനിയുടെ പേര് ആദര്‍ശ് പ്രൈം പ്രൊജക്ട് ലിമിറ്റഡ് എന്നായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കമ്പനിയുടെത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതലസമിതികള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ഇതേതുടര്‍ന്ന് കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂവകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ ഉത്തരവിറങ്ങി.

Top