Santhosh Madhavan- land own issue- report insufficient; vigilance court

മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസില്‍ തുടരാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

മെയ് അഞ്ചിന് മുമ്പായി തുടരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ പ്രതിയായ കേസിലെ ത്വരിത പരിശോധനയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ നീക്കങ്ങളുടെ കൂടുതല്‍ രേഖകള്‍ ത്വരിത പരിശോധന റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി പരാമര്‍ശിച്ചു. ഭൂമിയിടപാട് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി ഉള്‍പെടുത്താനുള്ള വ്യവസായ വകുപ്പിനുള്ള താല്‍പര്യം എന്താണെന്നും വിജിലന്‍സ് കോടതി ചോദിച്ചു.

റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടക്കുന്നത്.

എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര, തൃശൂരിലെ മാള എന്നിവിടങ്ങളില്‍ 127 ഏക്കര്‍ ഭൂമി വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി വിട്ടുകൊടുത്ത റവന്യൂ വകുപ്പ് നടപടി വിവാദമായിരുന്നു.

ജില്ലാ കലക്ടര്‍മാരുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരുടെയും വിലക്കുകള്‍ നിരസിച്ചാണ് റവന്യൂ വകുപ്പ് ഈ ഭൂമി സന്തോഷ് മാധവന് വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

മാര്‍ച്ച് രണ്ടിനാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ബംഗലൂരു ആസ്ഥാനമായുള്ള ഒരു ഐ.ടി കമ്പനിക്ക് വേണ്ടി ബിനാമി ഇടപാടിലൂടെയാണ് സന്തോഷ് മാധവന്‍ ഭൂമി സമ്പാദിച്ചതെന്ന് പറവൂര്‍ അഡീഷണല്‍ തഹസീല്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കമ്പനി നേരിട്ട് മന്ത്രിയുടെ ഓഫീസിനെ സമീപിച്ചാണ് അനുകൂല ഉത്തരവ് സമ്പാദിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top