വിമര്‍ശകര്‍ക്കുള്ള മറുപടി;ശതം സമര്‍പ്പയാമിക്ക് ഒരു ലക്ഷം കൂടി സംഭാവന ചെയ്ത് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായവരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’യിലേക്ക് ഒരു ലക്ഷം രൂപ കൂടി സംഭാവന നല്‍കി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്.

മുന്‍പ് 51,000 രൂപ താരം സംഭാവന നല്‍കിയതിനെ വിമര്‍ശിച്ച് ധാരാളം പേര്‍ മുന്നോട്ട് വന്നിരുന്നു. തുകയടച്ചതിന്റെ രസീത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വിമര്‍ശനം.

തന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്തിയ വിമര്‍ശകര്‍ക്ക് മറുപടിയായാണ് ഒരു ലക്ഷം രൂപ കൂടി കൊടുത്തത് എന്നായിരുന്നു താരത്തിന്റെ മറുപടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് 100 അല്ല 51,000 രൂപയാണ് ആദ്യം സംഭാവന നല്‍കിയത്. ഇപ്പോള്‍ ഒരുലക്ഷം രൂപ കൂടി നല്‍കി.

അതേസമയം ‘ശതം സമര്‍പ്പയാമി’ ചലഞ്ചിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ വക ഒരു ലക്ഷം രൂപ കൂടി നല്‍കുന്നതായി സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്‌.

Top