സന്തോഷ് ട്രോഫി; ഇന്ന് രണ്ട് മത്സരങ്ങൾ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം ദിനമായ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് ഗുജറാത്തിനെ നേരിടും. ആദ്യ മത്സരത്തില്‍ മണിപ്പൂരിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ സര്‍വീസസിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ഗുജറാത്തിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗുജറാത്ത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത നേടുന്നത്. വെസ്റ്റ് സോണ്‍ യോഗ്യത മത്സരത്തില്‍ കരുത്തരായ ഗോവയെ പിന്തള്ളിയാണ് ഗുജറാത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം.

രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മണിപ്പൂര്‍ ഒഡീഷയെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് മണിപ്പൂര്‍ ഇറങ്ങുന്നത്. നിലവില്‍ ഒരു മത്സരം വിജയിച്ച മണിപ്പൂരാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. കർണാടകക്ക് എതിരെ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം സമനില പിടിച്ച കരുത്തിലാണ് ഒഡീഷ പേരിനിറങ്ങുന്നത്.

Top