കൊച്ചി: സ്ത്രീകള്‍ എപ്പോള്‍ എവിടെ കയറണമെന്നതു പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്തു നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതും എന്ന് എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്‌ലറ്റ് കഴുകാന്‍ കയറരുത് എന്നൊക്കെ പറഞ്ഞ് തെരുവിലിറങ്ങിയാല്‍ ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ സമരം ചെയ്യുന്നവരുടെ തനിനിറം കാണാമെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്ത്രീകൾ ഇനി മേൽ അടുക്കളയിൽ കയറരുത്, ടോയ്ലറ്റ് കഴുകാൻ കയറരുത്, വിഴുപ്പു തുണികൾ, എച്ചിൽ പാത്രങ്ങൾ ഇവ കൈ കൊണ്ടു തൊടരുത് എന്നുള്ള ആവശ്യങ്ങളുന്നയിച്ചു തെരുവിലിറങ്ങുന്നു എന്നൊന്നു സങ്കൽപ്പിച്ചു നോക്കൂ.. ഇപ്പോൾ ശബരിമലയിൽ കയറ്റാതിരിക്കാൻ സമരം ചെയ്യുന്നവരുടെ തനിനിറം അപ്പോൾ കാണാം.
എപ്പോൾ എവിടെ കയറണമെന്നതു പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്തു നിന്നൊക്കെ എപ്പോൾ ഇറങ്ങണമെന്നതും.
തെറി വിളിച്ചു തുടങ്ങണ്ട. ചുണ്ടു കോട്ടണ്ട. പുരികം ചുളിക്കണ്ട.. ചുമ്മാ ഒന്നു സങ്കല്പിച്ചു നോക്കാനേ പറഞ്ഞുള്ളു. ഇപ്പോളെവിടെയോ അവിടെത്തന്നെ കിടന്നു കൊണ്ട് ഒന്നു സങ്കൽപ്പിച്ചു നോക്കാനേ പറഞ്ഞുള്ളു.. സങ്കൽപത്തിൽ അർധ രാജ്യമല്ല, മുഴുവൻ രാജ്യവും കാണാനുള്ള ഒരു സാധ്യത ഉണ്ടെന്ന് ഓർമ്മിപ്പിച്ചതാണ്..