ആര്‍എസ്എസിന്റെ സര്‍ക്കസ് കൂടാരത്തിലെ വളര്‍ത്തുമൃഗങ്ങള്‍ നെടുമ്പാശ്ശേരി വിട്ടു പോയോ?; ശാരദക്കുട്ടി

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആര്‍എസ്എസിന്റെ സര്‍ക്കസ് കൂടാരത്തിലെ വളര്‍ത്തുമൃഗങ്ങള്‍ നെടുമ്പാശ്ശേരി വിട്ടുപോയോ എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. രാഹുല്‍ ഈശ്വര്‍ പറഞ്ഞതു പോലെ കേരളത്തില്‍ ഒരു തുള്ളി ചോര വീഴാനുള്ള അസുലഭാവസരമാണവര്‍ പ്രതീക്ഷിച്ചിരിക്കുന്നത് എന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Rss ന്റെ സർക്കസ് കൂടാരത്തിലെ വളർത്തുമൃഗങ്ങൾ നെടുമ്പാശ്ശേരി വിട്ടു പോയോ?

വളർത്തുമൃഗങ്ങളെ ഇളക്കി എങ്ങനെയും ഒരു കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുവാനാണ് സംഘ പരിവാർ ശ്രമിക്കുന്നത്. രാഹുലീശ്വർ പറഞ്ഞതു പോലെ കേരളത്തിൽ ഒരു തുള്ളി ചോര വീഴാനുള്ള അസുലഭാവസരമാണവർ പ്രതീക്ഷിച്ചിരിക്കുന്നത്. വഴക്കു മൂപ്പിച്ചു കൊണ്ടുവരണം. അത് അമിത് ഷായുടെ പ്രസ്താവനയിലുണ്ട്. P. S. .ശ്രീധരൻ പിള്ളയുടെ സംഭാഷണത്തിലുണ്ട്.

ഭക്തിയോ നാമ ജപമോ ഒക്കെ നാടകത്തിലെ പശ്ചാത്തല സംഗീതം മാത്രം. വിശ്വാസികളെ തെരുവിലിറക്കി കളിക്കുന്ന ഈ നാടകം തിരിച്ചറിയുകയും ബുദ്ധിപൂർവ്വം നേരിടുകയുമാണ് കേരള സർക്കാരിന് ചെയ്യാനുള്ളത്. അതാണിന്ന് വളരെ ക്ഷമയോടെ ജാഗ്രതയോടെ സർക്കാരും പോലീസും ചെയ്തത്.

ചെറുവിരലനക്കാതെയും ബുദ്ധിയുള്ളവർക്ക് യുദ്ധം ജയിക്കാം. ശക്തിയല്ല, ബുദ്ധിയാണ് യുദ്ധത്തിൽ പ്രധാനം. അവർ കൈ കെട്ടിയിരുന്നാലും മതി .

Top