ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനോട് പ്രതികരിച്ച റിമ കല്ലിങ്കല്ലിനെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വാ തുറക്കാന്‍ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ എന്നതുകൊണ്ടാണ് റിമ കല്ലിങ്കലിനോട് തന്നെ പറയുന്നതെന്നും നിങ്ങള്‍ക്ക് ഇനിയും പലതും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതെന്നും പറഞ്ഞാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.
‘ഇതിനു മുന്‍പും ഞാന്‍ ജീവിച്ചിട്ടുണ്ട്, ഇനിയും ഞാന്‍ ജീവിക്കും ‘ എന്ന റിമ കല്ലിങ്കലിന്റെ ധീരതയെ മാനിച്ചുകൊണ്ടുതന്നെയാണ് പറയുന്നത്. ‘എനിക്കു പ്രശ്‌നമില്ല ‘ എന്നതല്ല പ്രതിസന്ധിക്കുള്ള ഉത്തരം. പ്രശ്‌നമുള്ളവരേ കൂടി രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗമാരായുക, കണ്ടെത്തുക എന്നതാണ് ഡബ്ല്യുസിസി പോലെ ഒരു സംഘടനയുടെ പ്രാഥമികമായ ഉത്തരവാദിത്വമെന്നു ഞാന്‍ കരുതുന്നു.
ലളിതാംബിക അന്തര്‍ജനം ശബ്ദിച്ചത് തനിക്കു വേണ്ടിയായിരുന്നില്ല, ഇരുട്ടില്‍ കുടുങ്ങിപ്പോയ അനേകം സഹജീവികള്‍ക്കു വേണ്ടിയായിരുന്നു. അന്തര്‍ജനത്തിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അവര്‍ പോരാടിയത് ചുറ്റുമുള്ള നിര്‍ഭാഗ്യവതികള്‍ക്കു വേണ്ടിയാണ് എന്ന് ചരിത്രം ഓര്‍മ്മിക്കണം. ഡബ്ല്യുസിസിയിലുള്ളവര്‍ ചരിത്രബോധത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. പൊതു സമൂഹത്തിന്റെ വലിയ പിന്തുണ നിങ്ങള്‍ക്കുണ്ടാകുമെന്നും ശാരദക്കുട്ടി കുറിച്ചു.