ഉപ്പും മുളകും സീരിയലിലെ നടി നിഷ സാരംഗിന്റെ പ്രശ്‌നം കേവലം ഒരു സീരിയല്‍ നടിയുടെ മാത്രം പ്രശ്‌നമല്ലെന്നും തൊഴിലെടുക്കുന്ന ഒരു സ്ത്രീയുടെ അതിജീവന പ്രശ്‌നമാണെന്നും എഴുത്തുകാരി ശാരദക്കുട്ടി. നിഷയെ സീരിയലില്‍ തിരിച്ചെടുത്താലും ആരോപണ വിധേയനായ സംവിധായകനെ ആ സീരിയലില്‍ നിന്നു പുറത്താക്കിയാലും പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നമ്മള്‍ കണ്ടത്. നിഷാ സാരംഗ് പുറത്തു പറഞ്ഞത് വര്‍ഷങ്ങളുടെ സഹനത്തിനൊടുവിലാണ്. ആ സമ്മര്‍ദ്ദം അവരില്‍ പ്രകടമാണ്. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടികള്‍ കലാരംഗത്ത് അതിജീവനത്തിന് കൈകാലിട്ടടിക്കേണ്ടി വരുന്നുവെന്നത് ഒരു ചാനല്‍ മുതലാളിക്കും ഭൂഷണമല്ലെന്നും ശാരദക്കുട്ടി കുറിച്ചു.