മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരനൊപ്പമുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഒരു വിഭാഗം ബോധപൂര്‍വ്വം പ്രചരിപ്പിച്ചു വരികയാണ്.
ഈ വിഭാഗം ‘പ്രതിക്കൂട്ടില്‍’ നിര്‍ത്തുന്ന രണ്ട് പേരും അവരുടെ മേഖലകളില്‍ മുഖം നോക്കാതെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന വ്യക്തിത്വങ്ങളാണ്.
രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വരാജിന്റെയും, ചാനല്‍ സ്റ്റുഡിയോയിലെ ‘വിചാരണ’കളില്‍ ഷാനിയുടെയും നാവിന്റെ ചൂടറിഞ്ഞവരെ സംബന്ധിച്ച് ഇവര്‍ക്കെതിരെ എന്തു കിട്ടിയാലും പ്രതികരിക്കുന്നതും സ്വാഭാവികമാണ്.
പ്രത്യേകിച്ച് വ്യക്തിയുടെ സ്വകാര്യതകളിലേക്ക് പോലും മാധ്യമങ്ങള്‍ ഇടിച്ച് കയറുന്നു എന്ന പരാതി സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ . .
എന്നാല്‍ ഇപ്പോഴത്തെ വിമര്‍ശനം അതിരു കടന്നുപോയി. ഇത് പറയുമ്പോഴും അവര്‍ രണ്ടു പേരും പ്രതികരണങ്ങളില്‍ അതിര് കടക്കാറില്ലേ എന്നാണ് ചോദ്യമെങ്കില്‍ അതിന് തല്‍ക്കാലം മറുപടിയില്ല.
സൗഹൃദം എല്ലാ മേഖലയിലും ഉണ്ട്. പരസ്പരം കടിച്ച് കീറുന്ന രാഷ്ട്രീയ എതിരാളികള്‍ പോലും പിന്നീട് കെട്ടിപ്പിടിച്ച് നടക്കുന്നത് നാം കണ്ടിട്ടുള്ളതാണ്.
വ്യക്തിപരമായ ബന്ധം നിലനിര്‍ത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാട് ശക്തമായി ഉയര്‍ത്തി പിടിക്കുന്ന നേതാവാണ് സ്വരാജ്.
ഷാനി പോലും പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ സ്വരാജിന്റെ പ്രതികരണത്തിന് മുന്നില്‍ പതറിപ്പോയിട്ടുണ്ട്.
ചാനല്‍ സ്റ്റുഡിയോയിലെ ഈ കടുത്ത എതിര്‍പ്പ് ചാനലിന് പുറത്തും തുടരണമെന്ന് ആരും തന്നെ ശഠിക്കരുത്.
പഠന കാലം മുതല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും പരസ്പരം വീടുകളില്‍ പോകാറുണ്ടെന്നും ഇരുവരും വ്യക്തമാക്കി കഴിഞ്ഞിട്ടുള്ളതാണ്.
കുടുംബപരമായി അവര്‍ക്കുള്ള അടുത്ത സൗഹൃദത്തെ വികൃതമായി കാണാന്‍ ശ്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.
ഷാനി വസ്ത്രം മാറിയത് ചര്‍ച്ച ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ‘കുത്തക’ മാധ്യമ സ്ഥാപനത്തിന്റെ പ്രധാന നാവായ ഷാനി സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രാധാന്യം രാഷ്ട്രീയപരമായാണ് ചര്‍ച്ച ചെയ്തതെങ്കില്‍ ആ വിമര്‍ശനത്തിന് അല്പം മാന്യതയുണ്ടാവുമായിരുന്നു.
ഷാനിക്കെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ രംഗത്ത് വന്ന സ്വരാജിന്റെ നടപടിയെ ഇരട്ടത്താപ്പായി കണ്ട് വിമര്‍ശിച്ച എഴുത്തുകാരി ശാരദകുട്ടിയുടെ നടപടിയും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
‘ഞാനും എന്റെ ഭാര്യയും ഒരിമിച്ച് താമസിക്കുന്ന ഫ്‌ളാറ്റ് ‘എന്ന സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ വരികളിലാണ് ശാരദക്കുട്ടി ഇരട്ടത്താപ്പ് കണ്ടു പിടിച്ചിരിക്കുന്നത്.
ഇത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെയും ഉള്ളില്‍ ഊറിക്കിടക്കുന്ന സദാചാര ഭീതിയായാണ് അവരുടെ വിലയിരുത്തല്‍.
ഒരു സുഹൃത്ത് പെണ്ണായി പോയാല്‍ അവിടെ പോലും സദാചാരത കാണുന്ന അപരിഷ്‌കൃതരായ അനവധി പേരുള്ള നാട്ടിലാണ് താന്‍ ജീവിക്കുന്നത് എന്ന കാര്യം ശാരദക്കുട്ടി മറക്കരുത്. നിങ്ങളുടെ രചനകള്‍ വായിച്ച് സ്വയം തിരുത്തുന്നവരല്ല അവര്‍. അതിന് കാലം ആവശ്യപ്പെടുന്ന സമയമെടുത്തെന്നിരിക്കും.
ഭര്‍ത്താവില്ലാത്തപ്പോള്‍ സ്‌നേഹിതയെ / സ്‌നേഹിതനെ ഫ്‌ളാറ്റിലേക്ക് വിളിക്കാനും സല്‍ക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും ശാരദക്കുട്ടിക്ക് ഭയപ്പെടേണ്ടതില്ല. പക്ഷേ ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ സമൂഹത്തിലെ ഈ യാഥാര്‍ത്ഥ്യവും പരിഗണിക്കേണ്ടി വരും. അതു കൊണ്ടാകാം അത്തരമൊരു വാചകം സ്വരാജിന്റെ പ്രതികരണത്തിലും ഇടം പിടിച്ചിട്ടുണ്ടാകുക.
സഖാവ് എന്നത് വലിയ വാക്കാണ് എന്ന് പറയുന്ന ശാരദക്കുട്ടി മനസ്സിന്റെയുള്‍പ്പെടെ എല്ലാ വാതിലുകളും നിര്‍ഭയരായി മലര്‍ക്കെ തുറന്നുകൊടുക്കുന്നവരാണ് സഖാക്കള്‍ എന്നും, അതറിയാതെ മൂലധനം വായിച്ചിട്ട് കാര്യമില്ലന്നും തന്റെ പ്രതികരണത്തില്‍ തുറന്നടിച്ചിട്ടുണ്ട്.
മനസ് മാത്രമല്ല സ്വന്തം ജീവിതം തന്നെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച എ.കെ.ജിയെ പോലെയുള്ള മനുഷ്യ സ്‌നേഹികളായ കമ്യൂണിസ്റ്റുകളെ പോലും വെറുതെ വിടാത്തവരുടെ ഇടയില്‍ ‘ഞാനും ഭാര്യയുമായി ഒരുമിച്ച് താമസിക്കുന്ന ഫ്‌ളാറ്റില്‍’ എന്ന് സ്വരാജിന് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്.
സാങ്കല്‍പ്പിക കഥകള്‍ എഴുതുന്നത് പോലെ ശാരദക്കുട്ടി ജീവിതത്തെ എഴുതി തീര്‍ക്കാന്‍ ശ്രമിക്കരുത്.
ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഒരു ചുട്ട മറുപടി സ്വരാജിനെ സംബന്ധിച്ച് ഉണ്ടാകുമായിരുന്നു. താന്‍ ഒരു ജനപ്രതിനിധിയാണെന്ന പരിമിതിയും സുഹൃത്തായ ഷാനിയെ ഓര്‍ത്തുമായിരിക്കാം അദ്ദേഹം അതിനു മുതിരാതെ പ്രതികരണം ലഘൂകരിച്ചത്.
സ്വകാര്യത കുടികൊള്ളുന്ന ഫ്‌ളാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലും തെറ്റായി പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്ന രീതിയെയാണ് ഇവിടെ വിമര്‍ശിക്കപ്പെടേണ്ടത്.
താമസിക്കുന്ന ഇടത്തെപോലും വികലമായ ചിന്താഗതികളുടെ കേന്ദ്രമാക്കി മാറ്റി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് കൊടുക്കുന്നവരുടെ ഇടയില്‍ ജീവിക്കുന്നത് തന്നെ അപകടകരമാണ്.
Team Express Kerala