മമത ഉൾപ്പെടെയുള്ള പ്രതിപക്ഷനിരയെ നിശബ്ദമാക്കാൻ പുതിയ ‘ഓപ്പറേഷൻ’

കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച ഉറപ്പുവരുത്താന്‍ ജനപ്രിയ ബജറ്റുമായി രംഗത്ത് വന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ വിജയം ഉറപ്പിക്കാനും നീക്കം തുടങ്ങി.

ഇത്തവണ ബി.ജെ.പി അട്ടിമറി വിജയം നേടുമെന്ന് അവകാശപ്പെടുന്ന പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി ഭരണകൂടത്തെ പ്രതിരോധത്തിലാക്കാനാണ് ഏറ്റവും പുതിയ നീക്കം.

തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെട്ട കോടികള്‍ വെട്ടിച്ച ശാരദ ചിട്ടി കുംഭകോണ കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടറിയായിരുന്ന മണിക് മജുംദാറിനെ സി.ബി.ഐ ചോദ്യം ചെയ്തത് ഈ നീക്കത്തിന്റെ ഭാഗമായാണ്.

ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മമതയുടെ ഈ മന:സാക്ഷി സൂക്ഷിപ്പുകാരന്റെ വീട്ടിലെത്തിയാണ് സി.ബി.ഐ ചോദ്യം ചെയ്തത്.

mamatha

മമതയുടെ ചിത്രങ്ങള്‍ കോടികള്‍ നല്‍കി ശാരദ ചിട്ടി ഉടമസ്ഥന്‍ സുദീപ്ത സെന്‍ വാങ്ങിയതും തൃണമൂലിന് ലഭിച്ച വന്‍ തുകകളെ കുറിച്ചുള്ള വിവരവും തേടിയാണ് അന്വേഷണം. മമതയിലേക്ക് അന്വേഷണം ശക്തമായി നീങ്ങുന്നതിന്റെ സൂചനയായാണ് മണികിനെ ചോദ്യം ചെയ്ത നടപടി വിലയിരുത്തപ്പെടുന്നത്.

ലക്ഷക്കണക്കിനാളുകളെ പറ്റിച്ച് ശതകോടികള്‍ വെട്ടിച്ച ശാരദ ചിട്ടി കമ്പനിയും തൃണമൂലുമായുള്ള ബന്ധം ആദ്യം മുതല്‍ വ്യക്തമായിരുന്നു. തൃണമൂലിന് വന്‍ തോതില്‍ പണം നല്‍കി സഹായിച്ച കമ്പനി തൃണമൂല്‍ അധികാരത്തില്‍ വന്നതിനു ശേഷം അത്ഭുതകരമായ വളര്‍ച്ചയാണ് നേടിയത്.

തൃണമൂലിന്റെ പ്രമുഖ നേതാക്കളുള്‍പ്പെടെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ കമ്പനിയുടെ കമ്മീഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ച് ലക്ഷങ്ങളാണ് സമ്പാദിച്ചത്. നിരവധി പേര്‍ പിരിച്ച പണത്തിന്റെ വലിയൊരു പങ്ക് കമ്പനിയില്‍ അടച്ചില്ല. കള്ള സര്‍ട്ടിഫിക്കറ്റുകളും രസീതുകളും വിതരണം ചെയ്ത് ജനങ്ങളെ പറ്റിച്ചു.

ഓരോ ദിവസം കഴിയുന്തോറും വെട്ടിപ്പുമായി തൃണമൂലിനുള്ള ബന്ധം കൂടുതല്‍ വ്യക്തമായി. കമ്പനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ശാരദ മീഡിയ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ചത് തൃണമൂല്‍ എംപി യായ കുണാള്‍ ഘോഷ് ആണ്. ഈ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അയാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മീഡിയ ഉപദേഷ്ടാവായിരുന്നു.

തൃണമൂലിന്റെ മുഖപത്രമായ ‘ജഗോ ബംഗ്ല’യുടെ പത്രാധിപര്‍ കൂടിയായ സൃജന്‍ ബസു എം പി, തൃണമൂല്‍ വൈസ് പ്രസിഡന്റും സംസ്ഥാന സായുധസേന മുന്‍ ഡയറക്ടര്‍ ജനറലുമായ രജത് മജുംദാര്‍, തൃണമൂല്‍ നേതാവായിരുന്ന അഫ്‌സല്‍ ഖാന്‍ എന്നിവര്‍ക്കും കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

തൃണമൂലുമായി അടുത്ത ബന്ധമുള്ള പല തിരിമറിക്കാരേയും സിബിഐയും കേന്ദ്ര എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും നേരത്തെ അകത്താക്കിയിരുന്നു. ചെറിയൊരിടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര ഏജന്‍സികള്‍ ബംഗാളില്‍ പിടിമുറുക്കകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രതിരോധത്തിലാക്കുക തന്നെയാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയുടെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയിരുന്നു. യു.പിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുന്നതായി സാക്ഷാല്‍ മായാവതി തന്നെ ആരോപിക്കുന്ന സാഹചര്യവുമുണ്ടായി. മായാവതിയും പ്രതിമ ഉള്‍പ്പെടെയുള്ള കുംഭകോണത്തില്‍ അന്വഷണം നേരിടുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരെ എന്‍ഫോഴ്സ്മെന്റും അന്വേഷണം ശക്തമാക്കിയിട്ടും. ഇദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായി കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.

പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി അന്വേഷണ ഏജന്‍സികള്‍ വഴി നടത്തുന്ന കൈവിട്ട കളിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിക്കുക എന്നത് മാത്രമല്ല, മോദിയുടെ രണ്ടാം ഊഴം ഉറപ്പ് വരുത്താന്‍ അവരെ നിശബ്ദമാക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്.

കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഒഴികെയുള്ള മറ്റു പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ ബി.ജെ.പി ഒറ്റകക്ഷിയായാല്‍ പിന്തുണക്കുവാന്‍ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.

പ്രത്യേകിച്ച് അന്വേഷണം നേരിടുന്ന നേതാക്കളെയും പാര്‍ട്ടികളെയും സംബന്ധിച്ച് മറ്റ് പോംവഴികള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു.

political reporter

Top