അവളെ തൂക്കികൊന്നേക്കൂ, ഇനി ആ പെണ്‍കുട്ടി ഈ ഭൂമിയില്‍ വേണ്ട! നെഞ്ചുപൊട്ടി ആ അച്ഛന്‍

കണ്ണൂര്‍: കൊച്ചുമകന്റെ കളിചിരികള്‍ മറക്കാന്‍ ഈ മുത്തച്ഛന് കഴിഞ്ഞിട്ടില്ല. ഓമനിച്ചും ലാളിച്ചും മതിവരും മുമ്പേ ആ കുഞ്ഞിനെ ഇല്ലാതാക്കി. അതും സ്വന്തം അമ്മ തന്നെ. ലോകര്‍ക്ക് മുന്നില്‍ മാത്രമല്ല സ്വന്തം പിതാവിന് മുന്നില്‍ പോലും ശരണ്യ ഇന്ന് പിശാചാണ്.

ആ പിഞ്ചോമനയെ കൊന്ന അവള്‍ ഇനി തന്റെ മകളല്ല എന്നാണ് ശരണ്യയുടെ പിതാവ് വത്സരാജ് പറയുന്നത്. അവള്‍ക്ക് എങ്ങനെ തോന്നി നൊന്തുപെറ്റ കുഞ്ഞിനെ എറിഞ്ഞ് കൊല്ലാന്‍ തന്റെ മകള്‍ ആയതില്‍ ദുഖിക്കുന്നു എന്നാണ് അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നത്. മാത്രമല്ല ഈ ക്രൂരകൃത്യം നടത്തിയ അവളെ തൂക്കിക്കൊല്ലണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ’ ശരണ്യയുടെ പിതാവ് പറയുന്നു.

‘കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല,’ വത്സരാജ് പറഞ്ഞു.

അതേസമയം, ശരണ്യയുടെ ക്രൂരകൃത്യത്തിന് മുമ്പില്‍ കലിതുള്ളി നില്‍ക്കുകയാണ് പ്രദേശവാസികള്‍. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുക. വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.

Top