പവാറിനെ കാണാന്‍ കാപ്പന്‍ ഡല്‍ഹിയില്‍; ചരടുവലികളുമായി യുഡിഎഫ്

കോട്ടയം: ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് മാണി സി കാപ്പന്‍ ഡല്‍ഹിയില്‍. ഐശ്വര്യ കേരള യാത്ര കോട്ടയത്തെത്തുമ്പോള്‍ കാപ്പന്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ കാപ്പനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പാലായില്‍ യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയമാണ്. ചിലര്‍ നടത്തുന്ന പ്രചരണങ്ങളില്‍ ഇടത് മുന്നണി നേതാക്കള്‍ വീഴരുതെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി തുറന്നടിച്ചിരുന്നു.

പാലാ, കേരളാ കോണ്‍ഗ്രസിന് തന്നെയെന്നുള്ള വ്യക്തമായ സൂചന നല്‍കിയാണ് പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ സംസാരിച്ചത്. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ചിലര്‍ തെറ്റായ പ്രചാരണം നല്‍കി വിവാദമുണ്ടാക്കി അത് കൊഴുപ്പിച്ചെന്ന് മാണി സി കാപ്പന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് യുഡിഎഫിനെ സഹായിക്കുന്ന തരത്തിലായിപ്പോയി. അവസരം കിട്ടിയെന്ന് കരുതി മുതലെടുക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന്‍ മത്സരിക്കുമെന്ന കാര്യം ജില്ലയിലെ സിപിഎം നേതാക്കള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. പക്ഷേ, രക്തസാക്ഷി പരിവേഷത്തോടെ കാപ്പന്‍ പുറത്ത് പോയാല്‍ ക്ഷീണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രസ്താവന കാപ്പന് അനുകൂലമായേക്കാം. ഇത് മുന്നില്‍ കണ്ട് പാലായില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനം.

ഡല്‍ഹിയിലുള്ള ജോസ് കെ മാണി മടങ്ങിയെത്തിയാല്‍ ഉടന്‍ പാലായില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഞാറാഴ്ച കോട്ടയത്ത് എത്തുമ്പോള്‍ കാപ്പനും കൂടെയുണ്ടാകുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. ഉടന്‍ തീരുമാനമെടുക്കാന്‍ കാപ്പന് മേല്‍ യുഡിഎഫ് സമ്മര്‍ദ്ദവുമുണ്ട്. അതുകൊണ്ട് ശരദ്പവാറിനെ വേഗത്തില്‍ ഒരു തീരുമാനമുണ്ടാക്കാനാണ് മാണി സി കാപ്പന്റെ നീക്കം.

 

Top