ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്; ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങി

ചെന്നൈ: കൊലപാതക കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണ ഭവന്‍ ഹോട്ടലുടമ പി. രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയിലെത്തി കീഴടങ്ങി. ആരോഗ്യ സ്ഥിതി മോശമാണെന്നും ശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്നുമുള്ള രാജഗോപാലിന്റെ അപേക്ഷ കോടതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കീഴടങ്ങല്‍.കോടതിയിലേക്ക് ആംബുലന്‍സിലാണ് രാജഗോപാല്‍ എത്തിയത്.

ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ കോടതി അദ്ദേഹത്തെ പുഴല്‍ ജയിലിലേക്ക് അയച്ചു. ജയിലില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ നിയമാനുസരണമുള്ള നടപടികള്‍ കൈക്കൊള്ളും.

ജോത്സ്യന്റെ വാക്ക് കേട്ട് ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയി കൊന്നതാണ് ഇയാള്‍ക്കെതിരായ കേസ്. 2001ലായിരുന്നു സംഭവം. ജീവജ്യോതി എന്ന യുവതിയെ വിവാഹം കഴിച്ചാല്‍ എല്ലാ ‘ഐശ്വര്യ’ങ്ങളും ഉണ്ടാകും എന്ന ജോത്സ്യപ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിലെ വനത്തില്‍ ഇയാളുടെ മൃതദേഹം മറവുചെയ്തെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

2004ല്‍ നടത്തിയ കൊലപാതകക്കേസില്‍ രാജഗോപാല്‍ അടക്കമുള്ള അഞ്ച് പ്രതികള്‍ക്ക് വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഈ വിധി കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

ഇന്ത്യ കൂടാതെ യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ശരവണഭവന് റസ്റ്ററന്റുകളുണ്ട്.

Top