ന്യൂഡല്‍ഹി: നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ പട്കര്‍ നടത്തി വന്ന ജല സത്യാഗ്രഹം പിന്‍വലിച്ചു.
നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് നടപടി.
അണക്കെട്ട് നിര്‍മിച്ചത് മൂലം നര്‍മദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതായി ആരോപിച്ച് മേധയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്ത്രീകള്‍ വെള്ളിയാഴ്ച മുതല്‍ നദിയില്‍ ഇരുന്ന് സമരം ചെയ്യുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് തങ്ങള്‍ അതില്‍ മുങ്ങുന്നത് വരെ സമരം ചെയ്യുമെന്നും ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ സമരം പെട്ടെന്ന് പിന്‍വലിക്കുന്നതിനുള്ള കാരണം വ്യക്തമല്ല.
അതേസമയം സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്നും മറ്റൊരു രൂപത്തില്‍ ഇത് തുടരുമെന്നും മേധ വ്യക്തമാക്കി. അണക്കെട്ട് വന്നത് മൂലം ദുരിതത്തിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ല. ദുരിതത്തിലായ ആയിരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോള്‍ അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഗൂഢാലോചനയാണ്. നമുക്ക് വികസനമാണ് വേണ്ടതെന്നും വിനാശമല്ല വേണ്ടതെന്നും അവര്‍ പറഞ്ഞു. അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന വാദം തമാശയാണെന്നും മേധ പറയുന്നു. ഗുജറാത്തിലെ ആയിരക്കണക്കിന് കിലോമീറ്റര്‍ കനാല്‍ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെതുമായ സരോവര്‍ ഡാമിന്റെ മുപ്പത് ഗേറ്റുകള്‍ ഒരുമിച്ച് തുറന്നു കൊണ്ടായിരുന്നു ഇന്ന് മോദി അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചത്.