Sardar Soran Singh murder- hindu leader arrested

പെഷവാര്‍: പാകിസ്ഥാനില്‍ സിക്കു മന്ത്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രിക്ക്ഈഇന്‍സാഫ് (പിടിഐ)പാര്‍ട്ടിയിലെ ജില്ലാതലത്തിലുള്ള ഹിന്ദു നേതാവിനെ അറസ്റ്റു ചെയ്തു. രാജ്യത്തെ അസ്വസ്ഥമായ വടക്കു കിഴക്കന്‍ പ്രദേശത്തുവച്ചാണ് മന്ത്രിയെ വെടിയേറ്റു കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനി താലിബാന്‍ ഏറ്റെടുത്തു ഒരു ദിവസത്തിനു ശേഷമാണ് അറസ്റ്റു നടന്നത്.

സ്വാത്ത് ജില്ലാ കൗണ്‍സിലറും പിടിഐ ന്യൂനപക്ഷ നേതാവുമായ ബല്‍ദേവ് കുമാറിനെയാണ് ലോഎന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അതേ പാര്‍ട്ടിയിലുള്ള സിക്കു മന്ത്രി സര്‍ദാര്‍ സൂരണ്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 52 കാരനായ സിംഗായിരുന്നു ഖൈബര്‍ പഖ്തുങ്ങ്വാ പ്രവിശ്യയില്‍ ന്യൂനപക്ഷകാര്യ മന്ത്രി. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തെ ഏറ്റെടുത്ത താലിബാന്‍ സംഘടനയിലെ ഏറ്റവും വിദഗ്ദനായ ഷൂട്ടറാണ്‌സിംഗിനെ അദ്ദേഹത്തിന്റെ സ്വന്തം നാടായ ബൂണറില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ടിരുന്നു.

അതേസമയം ബല്‍ദേവിനെ അറസ്റ്റുചെയ്ത വിവരം പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിനു ശേഷം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ സിംഗിന്റെ അവസാന മരണാനന്തര ചടങ്ങുകള്‍ ബൂണറില്‍ നടന്നു. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും തടിച്ചു കൂടിയിരുന്നു. പിടിഐ നേതാവ് ഇമ്രാന്‍ ഖാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ നിയമിക്കണമന്ന് ആവശ്യപ്പെട്ടു. ഡോക്ടറും, ടിവി അവതാരകനും, രാഷ്ട്രീയക്കാരനുമായ സിംഗ് പിടിഐയില്‍ ചേരുന്നതിന് മുമ്പ് ഒമ്പതു വര്‍ഷത്തോളം ജമാത്ത്ഇ ഇസ്ലാമി പാര്‍ട്ടി അംഗമായിരുന്നു.

Top