മുംബൈ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ നിര്‍മാണത്തിന് എണ്ണക്കമ്പനികള്‍ 200 കോടി രൂപ നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയം.
നര്‍മ്മ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് 182 മീറ്റര്‍ ഉയരത്തില്‍ പ്രതിമ നിര്‍മ്മിക്കുന്നത്. ഗുജറാത്തിലെ 14 പൊതുമേഖലാ കമ്പനികള്‍ 104.88 കോടി രൂപയാണ് പ്രതിമ നിര്‍മ്മാണത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഒ എന്‍ ജി സി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവ 50 കോടി വീതമാണ് നല്‍കേണ്ടത്. കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവഴിക്കേണ്ട സാമൂഹിക ഉത്തരവാദിത്വ ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്നാണ് നിര്‍ദേശം.
ഈ രണ്ട് കമ്പനികള്‍ ഒഴികെയുള്ള എണ്ണമേഖലയിലുള്ള മറ്റ് പൊതുമേഖലാ കമ്പനികള്‍ 25 കോടി വീതമാണ് നല്‍കേണ്ടത്. രേഖാമൂലം ഉത്തരവ് നല്‍കാതെ വാക്കാലാണ് മന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം വന്നതെന്ന് ഗെയിലിലെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
2989 കോടി രൂപയ്ക്ക് എല്‍ ആന്‍ഡ് ടിയാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത്. 2018 ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. 20,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന പ്രതിമയ്ക്ക് അനുബന്ധമായി ഒരു കൃത്രിമ തടാകവും തയാറാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുടെ നിര്‍മ്മാണം 2014 ഒക്‌ടോബറിലാണ് ആരംഭിച്ചത്.