സര്‍ഫറാസിന്റെ ഒറ്റയാള്‍ പോരാട്ടം; പാക്- കിവീസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

കറാച്ചി: പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് രണ്ടാം രണ്ടാം ടെസ്റ്റും സമനിലയില്‍. ഒരു ടെസ്റ്റ് മത്സരത്തിന്റെ എല്ലാ മികച്ച നിമഷങ്ങളും സമ്മാനിച്ച മത്സരമായിരുന്നു കറാച്ചിയിലേത്. വിജയപരാജയം ഇരുടീമുകളിലേക്കും മാറിമറിഞ്ഞുകൊണ്ടിരുന്നു. പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് തുടക്കത്തില്‍ ആധിപത്യം കാണിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിരുന്നു. എന്നാല്‍ സര്‍ഫറാസ് അഹമ്മദിന്റെ വിരോചിത സെഞ്ചുറി (176 പന്തില്‍ 118) പാകിസ്ഥാനെ തിരിച്ചെത്തിച്ചു. അവസാന ഓവറുകളില്‍ സര്‍ഫറാസിനെ പുറത്താക്കാന്‍ പാകിസ്ഥാനായെങ്കിലും നഷീം ഷാ (15), അബ്രാര്‍ അഹമ്മദ് (7) എന്നിവര്‍ പാകിസ്ഥാന് സമനില സമ്മാനിച്ചു. സ്‌കോര്‍: ന്യൂസിലന്‍ഡ് 449, 277/5 ഡി & പാകിസ്ഥാന്‍ 408, 304/9. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചു.

അവസാനദിനം തുടങ്ങുമ്പോള്‍ പാകിസ്ഥാന് എട്ട് വിക്കറ്റുകളാണ് കൈവശമുണ്ടായിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ പോലും ഉണ്ടായിരുന്നില്ല. അബ്ദുള്ള ഷെഫീഖ് (0), മിര്‍ ഹംസ (0) എന്നിവരാണ് പുറത്തായിരുന്നത്. നാലാംദിനത്തിന്റെ തുടക്കത്തിലും പാകിസ്ഥാന്‍ കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. ഇമാം ഉള്‍ ഹഖിന്റെ (12) വിക്കറ്റാണ് ഇന്ന് ആദ്യ നഷ്ടമായത്. ഇഷ് സോധിയുടെ പന്തില്‍ ബൗള്‍ഡായി താരം. ബാബര്‍ അസമിനെ (27) മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ ടോം ലാഥം പിടിച്ച് പുറത്താക്കി. ഷാന്‍ മസൂദും (35) ബ്രേസ്‌വെല്ലിന് വിക്കറ്റ് നല്‍കി. ഇതോടെ പാകിസ്ഥാന്‍ അഞ്ചിന് 80 എന്ന നിലയിലായി.

തുടര്‍ന്ന് സര്‍ഫറാസ് പാകിസ്താനെ തോളിലേറ്റുകയായിരുന്നു. ഒരിടയ്ക്ക് പാകിസ്ഥാന്‍ ജയിക്കുമെന്ന് പോലും തോന്നിച്ചു. എന്നാല്‍ മറുവശത്ത് നിന്ന് പിന്തുണ ലഭിച്ചില്ല. ഇതിനിടെ സൗദ് ഷക്കീല്‍ (32), അഗ സല്‍മാന്‍ (30), ഹാസന്‍ അലി (5) എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമാവുകയും ചെയ്തു. മത്സരം അവസാനിക്കാന്‍ 6.3 ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സര്‍ഫറാസും മടങ്ങി. ബ്രേസ്‌വെല്ലിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ കെയ്ന്‍ വില്യംസണ് ക്യാച്ച്. ഇതോടെ പാകിസ്ഥാന്‍ മത്സരം കൈവിടുമെന്ന തോന്നുണ്ടാക്കി. എന്നാല്‍ നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ പ്രതിരോധിച്ച് നിന്നു. ബ്രേസ്‌വെല്‍മ നാല് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

നേരത്തെ, ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സ് അഞ്ചിന് 277 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോം ബ്ലണ്ടല്‍ (74), ബ്രേസ്‌വെല്‍ (74), ടോം ലാഥം (62) എന്നിവരാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 449 റണ്‍സാണ് നേടിയത്. ഡെവോണ്‍ കോണ്‍വെ (122), ലാഥം (71), ബ്ലണ്ടല്‍ (51), മാറ്റ് ഹെന്റി (68) എന്നിവരുടെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 408ന് പുറത്തായി. 125 റണ്‍സ് നേടിയ സൗദ് ഷക്കീലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

Top