കൊച്ചി: സരിതയെയും ശ്രീധരന്‍ നായരെയും ഒരുമിച്ച് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി സോളര്‍ കമ്മീഷനില്‍. അതേസമയം, സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തിയതിയില്‍ പിശകുപറ്റിയെന്നും മുഖ്യമന്ത്രി കമ്മിഷനെ അറിയിച്ചു.
ശ്രീധരന്‍ നായരെ കണ്ട സമയത്ത് സരിത ചേംബറില്‍ ഉണ്ടായിരുന്നില്ലെന്ന് തീര്‍ത്തു പറയാനാവില്ല. ചിലപ്പോള്‍ ഉണ്ടാവാം സരിത നേരില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായും ഓര്‍ക്കുന്നില്ല. അതേസമയം സരിത മുഖ്യമന്ത്രിക്ക് നേരിട്ട് ചെക്ക് കൈമാറി യെന്ന ടെനി ജോപ്പന്റെ മൊഴി അദ്ദേഹം പൂര്‍ണമായി നിഷേധിച്ചതുമില്ല.
സോളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കി. പ്രതികളെ സഹായിച്ചിട്ടില്ല. സാമ്പത്തിക നഷ്ടമുണ്ടായെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനാണ്.
അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ല. ഡല്‍ഹിയില്‍ സരിത നായരെ കണ്ടുവെന്നത് സംബന്ധിച്ച് നിയമസഭയില്‍ പറഞ്ഞ തിയതിയില്‍ പിശകുപറ്റിയെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ പറയുന്നു.
2012 ഡിസംബര്‍ 29ന് എന്നാണ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ദേശീയ വികസനസമിതി യോഗം നടന്നത് ഡിസംബര്‍ 27ന് ആയിരുന്നുവെന്നും മുഖ്യമന്ത്രി കമ്മിഷനെ അറിയിച്ചു.