രാഹുല്‍ ഗാന്ധിക്കെതിരായ സരിത നായരുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴയോടെ കോടതി ഹര്‍ജി തള്ളിയത്.

ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്. ഇതിനെതിരെ ആണ് സരിത സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Top