saritha s nair – joppan – solar commision

കൊച്ചി: സരിതയെ ആദ്യമായി കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചെന്ന് ടെനി ജോപ്പന്‍. സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടു എന്നത് ശരിയല്ലെന്നും ജോപ്പന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

മൊഴി നല്‍കുന്നതിനായി നേരത്തെ ഒരു തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ജോപ്പന്റെ അപേക്ഷ പരിഗണിച്ച് മൊഴിയെടുക്കല്‍ മാറ്റി വയ്ക്കുകയായിരുന്നു.

മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍ ജോപ്പന് പങ്കുണ്ടെന്ന് എഡിജിപി ഹേമചന്ദ്രന്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ വിസ്തരിക്കവെ ജോപ്പന്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും പ്രത്യേക അന്വേഷണ സംലത്തിലുണ്ടായിരുന്ന ഡിവൈഎസ്പി പ്രസന്നന്‍ നായരും ജോപ്പന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു.

സരിതയും മാദ്ധ്യമ പ്രവര്‍ത്തകരും എം.എല്‍.എമാരും തന്റെ ഫോണിലാണ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്. ഫോണ്‍ കോളുകള്‍ ആദ്യം മുഖ്യമന്ത്രിക്ക് കൈമാറുമായിരുന്നില്ല.

കാര്യം ചോദിച്ച ശേഷം താന്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു പതിവ്. പിന്നീട് പരാതികള്‍ ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഫോണ്‍ അദ്ദേഹത്തിന് കൈമാറാന്‍ തുടങ്ങിയെന്നും ജോപ്പന്‍ വെളിപ്പെടുത്തി.

സരിതയും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പനും പ്രതിയാണ്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍ ജോപ്പന് പങ്കുണ്ടെന്ന് എ.ഡി.ജി.പി ഹേമചന്ദ്രന്‍ കമ്മീഷന് നേരത്തെ മൊഴി നല്‍കിയിരുന്നു.

Top