സോളാര്‍ കേസ് വീണ്ടും ചൂട് പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സിലും കലാപം. കോണ്‍ഗ്രസ്സ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് ആരോപണം.
സോളാര്‍ കേസിന്റെ വിശദാംശം തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ സമീപിച്ചതായി സരിത എസ്.നായര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കെ.സി.വേണുഗോപാല്‍, എം.പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍ എന്നിവരെ കുറിച്ചാണ് വിവരം തേടിയതെന്നായിരുന്നു അവര്‍ ഏഷ്യാനെറ്റിലൂടെ വെളിപ്പെടുത്തിയിരുന്നത്.
സരിതയെകൊണ്ട് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിച്ച് പീഡനക്കേസില്‍ കെ.സിയെ അറസ്റ്റ് ചെയ്യിപ്പിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണം.
നിലവില്‍ കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ പ്രതികളാണ്. കെ.സി ഡല്‍ഹിയില്‍ വെച്ചും പീഡിപ്പിച്ചെന്ന മൊഴി വാങ്ങി പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. ഇക്കാര്യം കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ സംശയിക്കുന്നുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് കഴിയുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലായതിനാല്‍ ഇത്തരമൊരു നീക്കവും തള്ളിക്കളയാന്‍ കഴിയുന്നതല്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ തുടങ്ങി കെ.സി വേണുഗോപാല്‍ വരെയാണ് നിലവില്‍ പ്രതികള്‍. കേരളത്തില്‍ ഈ കേസിപ്പോഴും അന്വേഷണ ഘട്ടത്തിലാണുള്ളത്.
ഒരേ കേസില്‍ രണ്ട് എഫ്.ഐ.ആര്‍ നിലവില്‍ നടപ്പുള്ള കാര്യമല്ല. സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുള്ളതുമാണ്. എന്നാല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന പീഡനം സംബന്ധമായി തെളിവുകള്‍ ഡല്‍ഹി പൊലീസിന് കൈമാറിയാല്‍ ഈ കേസിന് വീണ്ടും ചൂട് പിടിക്കും.
കോടതി ഇടപെട്ട് സി.ബി.ഐക്ക് കൈമാറിയാലും പന്ത് കേന്ദ്രത്തിന്റെ ക്വാര്‍ട്ടിലാണ് ഒടുവിലെത്തുക.
ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തണമെന്നാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിപ്പോള്‍ കെ.സി വേണുഗോപാലാണ്. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ ശേഷം സോണിയ അദ്ധ്യക്ഷ പദവി ഏറ്റെടുത്തെങ്കിലും, സജീവമല്ല. കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് കെ.സി വേണുഗോപാല്‍ തന്നെയാണ്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും കെ.സിയുടെ ഇടപെടല്‍ കേന്ദ്ര ഐ.ബി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടാണിപ്പോള്‍ ഈ മലയാളി നേതാവ്.
കര്‍ണ്ണാടകയില്‍ മാത്രമാണ് കെ.സിയുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചത്. അവിടെ ജെ.ഡി.എസ് – കോണ്‍ഗ്രസ്സ് സഖ്യം ആദ്യം സാധ്യമാക്കിയെങ്കിലും കുറ് മാറ്റം പിന്നീട് ചതിക്കുകയായിരുന്നു. ജെ.ഡി.എസുമായുള്ള തര്‍ക്കം സഖ്യം തകരുന്നതിലാണ് കലാശിച്ചിരുന്നത്.
കര്‍ണ്ണാടകയിലെ ആദ്യഘട്ടത്തിലെ കെ.സിയുടെ ഇടപെടലുകളാണ് രാഹുല്‍ ഗാന്ധിയെ സ്വാധീനിച്ചിരുന്നത്. അതുകൊണ്ടാണ് സീനിയര്‍ നേതാക്കളെ പോലും തഴഞ്ഞ് രണ്ടാമനായി അദ്ദേഹത്തെ രാഹുല്‍ പാര്‍ട്ടിയില്‍ വാഴിച്ചിരുന്നത്. ദേശീയ അദ്ധ്യക്ഷ സ്ഥാനം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സില്‍ ഏറ്റവും അധികം അധികാരമുള്ള പോസ്റ്റാണ് സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം.
രമേശ് ചെന്നിത്തലയുടെ ശിഷ്യനായ കെ.സി വേണുഗോപാല്‍ അദ്ദേഹത്തിനും മീതെയാണ് ഇപ്പോഴുള്ളത്. ഐ ഗ്രൂപ്പിലെ നല്ലൊരു വിഭാഗവും കെ.സിക്കൊപ്പം നിലവിലുണ്ട്.
ഉമ്മന്‍ ചാണ്ടി ആരോഗ്യ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുമെന്നും അടുത്ത മുഖ്യമന്ത്രിയാകാമെന്നും ഉറപ്പിച്ചാണിപ്പോള്‍ ചെന്നിത്തല മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന് മുന്നില്ലുള്ള ഏറ്റവും വലിയ വെല്ലുവിളിയിപ്പോള്‍ കെ.സി വേണുഗോപാല്‍.
കെ.സി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പണി പാളുമെന്ന ഭയമാണ് ചെന്നിത്തല അനുകൂലികള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സരിതയുടെ നീക്കത്തെ സംശയത്തോടെയാണ് ഈ വിഭാഗം നോക്കി കാണുന്നത്. സരിതയുടെ പുതിയ നീക്കം ആത്യന്തികമായി ചെന്നിത്തലക്കാണ് ഗുണം ചെയ്യുകയെന്നാണ് ഇവരുടെ വാദം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കേണ്ട പലരും എം.പിമാരായതിനാല്‍ കെ.സി മാത്രമാണ് ചെന്നിത്തലക്ക് മുന്നിലെ വലിയ വെല്ലുവിളി.
ഉമ്മന്‍ ചാണ്ടി മാറി നിന്നാല്‍ പകരം വരാന്‍ മുല്ലപ്പള്ളിയും സുധീരനും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയും വിദൂരമാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്ത് വരാന്‍ സരിതക്ക് ധൈര്യം നല്‍കിയത് തന്നെ ചെന്നിത്തല വിഭാഗമാണെന്ന ആക്ഷേപം നേരത്തെ തന്നെ എ വിഭാഗത്തിനുണ്ട്. ഇക്കാര്യത്തില്‍ ഐ വിഭാഗക്കാരായ അടൂര്‍ പ്രകാശിനും ഹൈബി ഈഡനും, എ.പി അനില്‍കുമാറിനും ശക്തമായ എതിര്‍പ്പും ചെന്നിത്തലയോടുണ്ട്. അവരത് പുറത്ത് കാണിക്കുന്നില്ലങ്കിലും അവസരം ലഭിച്ചാല്‍ ആദ്യം ചെന്നിത്തലയ്ക്ക് എതിരെ തിരിയുക ഇവരായിരിക്കുമെന്നാണ് സൂചന.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കേരളത്തില്‍ സജീവമാകാന്‍ എ.കെ ആന്റണിയും ഇപ്പോള്‍ ശ്രമം നടത്തുന്നുണ്ട്.
തുടര്‍ ഭരണം ഒരു മുന്നണിക്കും ലഭിച്ച ചരിത്രമില്ലാത്തത് തന്നെയാണ് ആന്റണിയുടെയും പ്രതീക്ഷയുടെ ഘടകം. മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ട്ടിയില്‍ അടിമൂത്താല്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി വരാമെന്നതാണ് ആന്റണിയുടെ കണക്ക് കൂട്ടല്‍.
കോണ്‍ഗ്രസ്സിലെ ഈ അപ്രതീക്ഷിത കരു നീക്കങ്ങളില്‍ പകച്ച് നില്‍ക്കുന്നത് ഘടകകക്ഷികള്‍ കൂടിയാണ്.
തുടര്‍ ഭരണത്തിനായി സി.പി.എം ശ്രമിക്കുമ്പോള്‍ അത് ഗൗരവമായി കാണാത്തതിലാണ് ഘടകകക്ഷികളുടെ രോഷം. ഇക്കാര്യം ലീഗ് നേതൃത്വം തന്നെ കോണ്‍ഗ്രസ്സ് നേതാക്കളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമാണ് ഇടതുപക്ഷത്തിനിപ്പോള്‍ മേല്‍ക്കോയ്മ നല്‍കിയിരിക്കുന്നത്. ഇത് വോട്ടിങ്ങില്‍ പ്രതിഫലിച്ചാല്‍ ചരിത്രം വഴി മാറി തുടര്‍ ഭരണം ഇടതുപക്ഷത്തിന് തന്നെ സാധ്യമാകും.
സ്വന്തം കാലിനടിയിലെ മണ്ണ് തന്നെ ചുവന്ന് കൊണ്ടിരിക്കുന്ന ഈ സാഹചര്യം കാണാതെയാണ് പരസ്പരം പാരവയ്ച്ച് കോണ്‍ഗ്രസ്സ് നേതാക്കളിപ്പോള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.
Political Reporter