തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ താന്‍ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞിട്ടാണെന്ന് സരിത എസ്.നായര്‍.
മജിസ്‌ട്രേറ്റിന് മുന്നില്‍ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ മൊഴി കൊടുത്തതും തമ്പാനൂര്‍ രവി പറഞ്ഞിട്ടാണെന്ന് സരിത ജുഡീഷ്യല്‍ കമ്മീഷനോട് പറഞ്ഞു. കേസ് വഴി തിരിച്ചു വിടാനായിരുന്നു ഇത്. സരിത ഹാജരാക്കിയ മൂന്ന് സി.ഡികള്‍ തെളിവായി കമ്മീഷന്‍ സ്വീകരിച്ചു.
മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പി.എ ആയിരുന്ന പ്രദീപിന്റെ ഫോണിലാണ് സംസാരിച്ചത്. തമ്പാനൂര്‍ രവിയെ അനുസരിയ്ക്കണമെന്ന് പ്രദീപ് തന്നോട് പറഞ്ഞു. ജയിലില്‍ നിന്ന് മോചിതയായ ശേഷം ആര്‍.ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്. സത്യം പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ തടഞ്ഞത് കോണ്‍ഗ്രസ് എംഎല്‍എ ബെന്നി ബഹനാനാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് പറഞ്ഞിരുന്നതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞതായി സരിത ആരോപിയ്ക്കുന്നു.
എന്നാല്‍ പിന്നീട് രവിയും ബെന്നിയും നിലപാട് മാറ്റുകയും കേസ് പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയും ചെയ്തു. ബെന്നിയും രവിയും ഇക്കാര്യം പറയുന്നത് സി.ഡിയിലുണ്ട്. ഡിജിപിയ്ക്ക് പരാതി നല്‍കുന്നതിന് മുമ്പ് തമ്പാനൂര്‍ രവി പറഞ്ഞു. എല്ലാം ഡിജിപിയോട് പറഞ്ഞിട്ടുണ്ടെന്ന് രവി പറഞ്ഞു. ആദ്യം വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പറഞ്ഞതും രവിയാണ്. കേസ് കൊടുപ്പിച്ചതും പിന്‍വലിപ്പിച്ചതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇതിന്റെ തെളിവുകള്‍ സി.ഡിയില്‍ ഉണ്ടെന്ന് സരിത വ്യക്തമാക്കി.