saritha s nair solar case; k. muralidaran

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ സരിത എസ്. നായര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കെ. മുരളീധരന്‍ എം. എല്‍. എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി. പി. എം ബി. ജെ. പി കൂട്ടുകെട്ട് കേരളത്തിലെ മദ്യലോബിയുടെ സഹായത്തോടെ നടത്തിയ ഗൂഡാലോചനയുടെ ചട്ടുകമായാണ് സരിത പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ ഭരണഘടനയുടെ തത്വങ്ങള്‍ പാലിക്കാതെ വിധി പറഞ്ഞ തൃശൂര്‍ വിജിലന്‍സ് ജഡ്ജിയും ഗൂഡാലോചനയില്‍ പങ്കാളിയാണോയെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യശത്രു കോണ്‍ഗ്രസായതിനാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകരുതെന്ന ആഗ്രഹത്തിലാണ് ബി. ജെ. പിയും ഗൂഡാലോചനയുടെ ഭാഗമായത്. ഇടതു ഭരണം വന്നാല്‍ ബാര്‍ തുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മദ്യലോബി ധനസഹായമുള്‍പ്പടെ നല്‍കി ഇവര്‍ക്ക് കൂട്ട് നില്‍ക്കുന്നത്.

സരിത കൊടും ക്രമിനലാണെന്ന് പറഞ്ഞ സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ സരിതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പറയുന്നത് അപഹാസ്യമാണെന്നും മുരളീധറന്‍ പറഞ്ഞു. കമ്മിഷന് മുന്‍പില്‍ കള്ളം പറയുന്നത് പുതുമയുള്ള കാര്യമല്ല. എല്ലാ പ്രതികളും സത്യം ബോധിപ്പിക്കുമെന്ന് പറഞ്ഞിട്ട് തന്നെയാണ് കള്ളം പറയാറുള്ളത്.

ഇത്രയും പണം മന്ത്രിമാര്‍ക്ക് നല്‍കിയെന്ന് പറയുന്ന സരിതയുടെ വരുമാന സ്രോതസ് അന്വേഷിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നുണ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലല്ലോയെന്ന ചോദ്യത്തിന് ഒരു ക്രിമിനലിന്റെ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി അത്തരം പരിശോധനകള്‍ക്ക് വിധേയനാകേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.

Top