saritha s nair – solar commission – solar case

കൊച്ചി: സോളര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ നേരില്‍ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. എന്നാല്‍, സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും തമ്പാനൂര്‍ രവി സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി.

ഏത് അര്‍ധരാത്രിയിലും ആരു വിളിച്ചാലും ഫോണ്‍ എടുക്കാറുണ്ട്. സരിത തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കണ്ടിട്ടുള്ള പരിചയമാണുള്ളത്. സരിതയ്ക്ക് അവരുടെ മൊഴിയില്‍ പറയുന്ന പ്രകാരമുള്ള ഉറപ്പുകള്‍ നല്‍കിയിട്ടില്ലെന്നും തമ്പാനൂര്‍ രവി സോളര്‍ കമ്മിഷനില്‍ വ്യക്തമാക്കി. എന്നാല്‍, സരിതയും തമ്പാനൂര്‍ രവിയും ഒരു വര്‍ഷത്തിനിടെ 446 തവണ ഫോണില്‍ സംസാരിച്ചുവെന്ന് സോളര്‍ കമ്മിഷന്‍ പറഞ്ഞു.

അതേസമയം, അഡ്വ. ഫെനി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് തമ്പാനൂര്‍ രവി സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി. അഡ്വക്കേറ്റ് എന്ന നിലയില്‍ അദ്ദേഹത്തെ അറിയാമെന്നും രവി പറഞ്ഞു. എന്നാല്‍ ഫെനിയെ അങ്ങോട്ടും തിരിച്ചും വിളിച്ചതിന് തെളിവുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഇതിന്റെ തെളിവായി ടെലിഫോണ്‍ കോളുകളുടെ പട്ടിക തമ്പാനൂര്‍ രവിക്ക് കാണിച്ചു കൊടുത്തു. മാര്‍ച്ച് രണ്ട് വരെ വിളിച്ചതിന് തെളിവ്.

മുഖ്യമന്ത്രിയ്ക്ക് വേണ്ടി തമ്പാനൂര്‍ രവി തന്നെ വിളിച്ചുവെന്ന് സരിത എസ്. നായര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ശബ്ദരേഖയടങ്ങുന്ന സിഡി പുറത്തു വിടുകയും ചെയ്തിരുന്നു. കൂടാതെ കോണ്‍ഗ്രസ് എംഎല്‍എ എ.പി. അബ്ദുല്ലകുട്ടിക്കെതിരെ കേസു കൊടുക്കാന്‍ പറഞ്ഞത് തമ്പാനൂര്‍ രവിയാണെന്നും സരിത പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം ചോദിക്കുന്നതിനാണ് രവിയെ വിളിച്ചുവരുത്തിയിരിക്കുന്നത്.

മുന്‍പ് ഹാജരാകാന്‍ പറഞ്ഞപ്പോള്‍ ഭാര്യയ്ക്കു സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നു അഭിഭാഷകന്‍ മുഖേന തമ്പാനൂര്‍ രവി അറിയിക്കുകയായിരുന്നു. എന്നാല്‍ തമ്പാനൂര്‍ രവി ഹാജരാകാത്തതു സംശയത്തിനിടയാക്കുന്നുവെന്നു ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 15ന് ഹാജരാകാമെന്ന് തമ്പാനൂര്‍ രവി കമ്മിഷനെ അറിയിച്ചത്.

Top