കരുണാനിധിയുടെ മരണം; വിജയ് ചിത്രം സര്‍ക്കാരിന്റെ ചിത്രീകരണം മാറ്റിവെച്ചു

ആര്‍ മുരുകദോസ് വിജയ്‌യെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ യുഎസില്‍ നടക്കുകയാണ്. എന്നാല്‍ കരുണാനിധിയുടെ മരണത്തില്‍ അനുശോചിച്ച് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു.

ഇന്നലെ വൈകുന്നേരമാണ് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) കുലപതി കരുണാനിധി മരണപ്പെട്ടത്. നടന്‍ രജനീകാന്ത്, ധനുഷ്, സൂര്യ, അജിത്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

സണ്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാധാ രവി, കുറുപ്പയ്യ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്കുമാറും മുഖ്യവേഷത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിലെ സിനിമാറ്റോഗ്രാഫര്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും.

Top