വിദ്യാര്‍ത്ഥിനിയെ ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു

jail

കോഴിക്കോട്: സരോവരം ബയോ പാര്‍ക്കില്‍ ലഹരിമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. നടുവണ്ണൂര്‍ പെരുവല്ലൂര്‍ കുറ്റിക്കണ്ടി ഹൗസില്‍ മുഹമ്മദ് ജാസിം (19) നെയാണ് റിമാന്‍ഡ് ചെയ്തത്. പതിനാല് ദിവസത്തേക്കാണ് കുന്ദമംഗലം കോടതി റിമാന്‍ഡ് ചെയ്തത്.

ഇയാള്‍ക്കെതിരേ നഗ്‌നവിഡിയോ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിക്കല്‍, വധഭീഷണി, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

കോഴിക്കോട്ടുള്ള പരീക്ഷാ പരിശീലന കേന്ദ്രത്തിലെ പത്തൊമ്പതുകാരിയെ കഴിഞ്ഞ ജൂലായ് 25-ന് പ്രതി പ്രണയം നടിച്ച് സരോവരം പാര്‍ക്കിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഓഗസ്റ്റ് രണ്ടിന് വിദ്യാര്‍ഥിനി സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും കേസില്‍ പറയുന്നു.

മകളെ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി പെണ്‍കുട്ടിയുടെ പിതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ടെങ്കിലും അറസ്റ്റിലായ പ്രതിക്കെതിരേ ഈ പരാതിയില്‍ ഇപ്പോള്‍ കേസെടുത്തിട്ടില്ല.കൂടുതല്‍ അന്വഷണം നടത്തി മാത്രമേ ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്.

Top