ഇതാണ് നേതാവ് . . മണ്ണിനും തനിക്കുമിടയില്‍ പോലും അകലം വേണ്ടന്ന് വച്ച കമ്യൂണിസ്റ്റ് . .!

saseendran

ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ജീവിച്ച് കാണിച്ചു തന്ന നിരവധി പേരുണ്ട് ഈ കൊച്ചു കേരളത്തില്‍. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കായുള്ള പോരാട്ട വീര്യത്തോടൊപ്പം മാതൃകാപരമായ ജീവിതശൈലിയും വലിയ രൂപത്തില്‍ പൊതു സമൂഹത്തിന് മുന്നില്‍ കാണിച്ചു തന്ന അവരില്‍ മിക്കവരും ഇന്നു ജീവിച്ചിരിപ്പില്ല.

എന്നാല്‍ ടെക്‌നോളജിയുടെയും ‘സമ്പന്നതയുടെയും’ പുതിയ കാലത്തും അത്തരം കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാധാരണക്കാരില്‍ ഒരാളായി ജീവിക്കുന്ന ചില നേതാക്കള്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. അവരില്‍ ഒരാളാണ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. മണ്ണിനും തനിക്കുമിടയില്‍ ഒരു ചെരുപ്പിന്റെ അകലം പോലും വേണ്ടന്ന് വച്ച കമ്യൂണിസ്റ്റ് . .

കല്‍പ്പറ്റ മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതാദ്യമായാണ് ശശീന്ദ്രനിലൂടെ ഒരു സി.പി.എം എം.എല്‍.എ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. പരാജയപ്പെടുത്തിയത് നിസാരക്കാരനെയല്ല, സംസ്ഥാനത്തെ ശക്തമായ മാധ്യമ ശൃംഖലയുടെ മേധാവിയായ എം.വി.ശ്രേയാംസ് കുമാറിനെ.

saseendran_01

പണത്തിനും പവറിനും മീതെ ശശീന്ദ്രനും പറക്കും എന്ന് തെളിയിച്ച ജനവിധിയായിരുന്നു അത്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സമര നായകനാണ് ഈ കുറിയ മനുഷ്യന്‍.

അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന് പാല്‍പാത്രവുമായി കല്‍പ്പറ്റയിലെ നഗര വീഥികളിലൂടെ നഗ്‌നപാദനായി ഒരു എം.എല്‍.എ നടക്കുന്നത് സിനിമയില്‍ പോലും ഒരു പക്ഷേ നമ്മള്‍ കണ്ടിട്ടുണ്ടാകില്ല.

എന്നാല്‍ കല്‍പ്പറ്റ നിവാസികള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. പഴയ ആളുകള്‍ക്ക് മാത്രമല്ല, പുതു തലമുറയില്‍പ്പെട്ടവരും ഓര്‍മ്മവെച്ച കാലം മുതല്‍ ശശീന്ദ്രനെ കാണുന്നത് ഇങ്ങനെയാണ്. തീര്‍ന്നില്ല. . പശുക്കളെ കുളിപ്പിക്കുന്നതും പച്ചക്കറി നട്ട് നനക്കുന്നതുമെല്ലാം ഈ കമ്യൂണിസ്റ്റിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്നവയാണ്. ഈ എം.എല്‍.എയുടെ ഇഷ്ട വാഹനം സൈക്കിളാണ്.

പ്രത്യയ ശാസ്ത്രവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശശീന്ദ്രന് മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഏതൊരാള്‍ക്കും തങ്ങളില്‍ ഒരുവനായി മാത്രമേ ഇദ്ദേഹത്തെ കാണാന്‍ പറ്റൂകയുള്ളു.

saseendran_02

സഹജീവിയുടെ വേദനകള്‍ സ്വന്തം ഹൃദയത്തിലേറ്റ് വാങ്ങുന്ന ശശീന്ദ്രന്‍ അഴിമതിക്കാരുടെ കണ്ണിലെ കരടാണ്. പൊതുവെ സൗമ്യനാണെങ്കിലും സമരമുഖങ്ങളില്‍ കത്തുന്ന പ്രക്ഷോഭകാരിയെയാണ് ഈ കമ്യുണിസ്റ്റില്‍ ദര്‍ശിക്കാന്‍ കഴിയുക.

ഭൂമാഫിയയുടെ ഉറക്കം കെടുത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ആദിവാസികളെ മണ്ണിന്റെ ഉടമകളാക്കി മാറ്റി. ഇതിന്റെ ഭാഗമായി നിരവധി തവണ ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നു. പല തവണ ജയിലിലടക്കപ്പെട്ടു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എസ്.എഫ്.ഐക്കാരനായാണ് തുടക്കം. പിന്നീട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും കരസ്ഥമാക്കി.

ഭാര്യ ഉഷാകുമാരിയും മക്കളായ അനഘയും, ഗൗതം പ്രകാശും ജീവിതത്തില്‍ മാതൃകയാക്കുന്നതും പിതാവിന്റെ ലളിത ജീവതം തന്നെയാണ്. ഇപ്പോള്‍ സി.പി.എം നേതാക്കള്‍ക്കും കുടുംബത്തിനും ആഢംബര ജീവിതം ആരോപിക്കുന്നവര്‍ക്ക് മുന്നില്‍ വയനാട്ടിലെ ഈ ജനകീയ കമ്യൂണിസ്റ്റിന്റെ ജീവതമാണ് പ്രതിരോധത്തിനായി സഖാക്കള്‍ ഉപയോഗപ്പെടുത്തി വരുന്നത്.

ശശീന്ദ്രനും ഒരു കമ്യൂണിസ്റ്റാണ് . . ജനപ്രതിനിധിയാണ് . . സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമാണ് എന്ന അടിക്കുറുപ്പോടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ . .

റിപ്പോര്‍ട്ട്: എം വിനോദ്

Top