തരൂരിന്റെ നീക്കങ്ങൾക്ക് തടയിട്ട് നേതൃത്വം, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുറത്താകും ?

ശി തരൂരിന് മുന്നില്‍ കോണ്‍ഗ്രസ്സിലെ ഭാവിയാണ് ഇനി ഇരുളടയാന്‍ പോകുന്നത്. ഒപ്പം ഉണ്ടെന്ന് ഉറപ്പായും കരുതിയ ഗ്രൂപ്പ് 23 പോലും പിന്നില്‍ നിന്നും കുത്തിയതിനാല്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് അദ്ദേഹം നിലവിലുള്ളത്. കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കുറച്ച് വോട്ടുകള്‍ നേടാന്‍ കഴിയുമെന്നതല്ലാതെ അട്ടിമറി വിജയം നേടാന്‍ തരൂരിന് സാധിക്കുകയില്ല. നെഹ്‌റു കുടുംബത്തിന്റെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നതാണ് തരൂരിന് തിരിച്ചടിയാകുന്നത്. അവസാന നിമിഷം തരൂര്‍ മത്സരത്തില്‍ നിന്നും പിന്‍മാറുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. ഖാര്‍ഗെ രംഗത്തു വന്നതോടെ തരൂരിനെ കേരളത്തില്‍ നിന്നും പരസ്യമായി പിന്തുണച്ച ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവരും വെട്ടിലായിട്ടുണ്ട്. മത്സരം സംഘടനക്ക് ഗുണമേ ചെയ്യൂവെന്ന് തരൂര്‍ വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ഇവരുടെ ഭാവി അത്ര ശോഭനമായിരിക്കുകയില്ല. ഒതുക്കപ്പെടാന്‍ തന്നെയാണ് സാധ്യത. ഇങ്ങനെ ഒതുക്കപ്പെടുന്നവരെ ബി.ജെ.പി രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും.

ശശിതരൂര്‍ ഇന്നല്ലങ്കില്‍ നാളെ ബി.ജെ.പിയില്‍ എത്തുമെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി തരൂര്‍ മത്സരിച്ചാല്‍ വിജയിച്ചില്ലങ്കില്‍ പകരം രാജ്യസഭയില്‍ എത്തിക്കാന്‍ മാത്രമല്ല മന്ത്രിയാക്കാനും വരെ ബി.ജെ.പി തയ്യാറാകും. രാഷ്ട്രീയ നിരീക്ഷകരും ഈ സാധ്യത മുന്നില്‍ കാണുന്നുണ്ട്. യുഎന്നിലെ മുന്‍ പ്രമുഖന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തിലുള്ള തരൂരിന്റെ പ്രതിച്ഛായയാണ് നരേന്ദ്ര മോദിയും നോട്ടമിടുന്നത്. ഇത് ഏറ്റവും നന്നായി അറിയാവുന്നതും തരൂരിന് തന്നെയാണ്. കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെയാകും യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് വലിയ പ്രതിസന്ധിയെ നേരിടാന്‍ പോകുന്നത്. നെഹറു കുടുംബത്തെ പോലും എതിര്‍ക്കാന്‍ മടി കാട്ടാത്തവര്‍ നെഹറു കുടുംബത്തിനു പുറത്തുള്ള പാര്‍ട്ടി പ്രസിഡന്റിനെ എത്രമാത്രം അനുസരിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്.

ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഒക്ടോബര്‍ എട്ടുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഒക്ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ്. ഇതിനിടെ തന്റെ എതിരാളി ഖാര്‍ഗെയ്ക്കും സംഘത്തിനും എതിരെ രൂക്ഷപരാമര്‍ശം ഉയര്‍ത്തി തരൂര്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. ‘മാറ്റം ആഗ്രഹിക്കുന്നവര്‍ തന്നെ പിന്തുണയ്ക്കുമെന്ന് ‘ പറഞ്ഞ തരൂര്‍ മാറ്റമൊന്നും വേണ്ടെന്ന് താല്‍പ്പര്യപ്പെടുന്നവരാണ് ഖാര്‍ഗെയ്ക്കൊപ്പമെന്നാണ് തുറന്നടിച്ചിരിക്കുന്നത്. 12 സംസ്ഥാനത്ത് നിന്നായി 50 പേര്‍ തനിക്കായി ഒപ്പിട്ടിട്ടുണ്ടെന്നും സാധാരണ പ്രവര്‍ത്തകരാണ് അവരെന്നും തരൂര്‍ വെളിപ്പെടുത്തുകയുണ്ടായി. ‘കോണ്‍ഗ്രസില്‍ വലിയ മാറ്റം കൊണ്ടുവരുന്നതിനായാണ് ‘ തന്റെ മത്സരമെന്ന ഖാര്‍ഗെയുടെ അവകാശവാദത്തെയും അദ്ദേഹം പരിഹസിക്കുകയുണ്ടായി.

ഖാര്‍ഗെയുടെ പത്രികയില്‍ ആദ്യം ഒപ്പിട്ടത് എ.കെ ആന്റണിയാണ്. മുഖ്യമന്ത്രി കസേര നിലനിര്‍ത്തുന്നതിനായി പിന്‍വാങ്ങിയ അശോക് ഗെലോട്ടാണ് രണ്ടാമതായി ഒപ്പിട്ടിരിക്കുന്നത്. അംബികാ സോണി, ഭൂപീന്ദര്‍ ഹൂഡ, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക്ക് തുടങ്ങിയവരും ഖാര്‍ഗെക്കായി ഒപ്പിട്ടിട്ടുണ്ട്. 14 സെറ്റ് പത്രിക ഖാര്‍ഗെ സമര്‍പ്പിച്ചപ്പോള്‍ തരൂര്‍ അഞ്ച് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചിരിക്കുന്നത്. തരൂരിന്റെ പത്രികയില്‍ കാര്‍ത്തി ചിദംബരം, പ്രദ്യുത് ബൊര്‍ദൊലൊയ്, മുഹമദ് ജാവെദ് എന്നീ എംപിമാരും ഒപ്പിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നും ശബരീനാഥിനു പുറമെ എം കെ രാഘവന്‍ എംപി, കെ.സി അബു തുടങ്ങി 15 പേരും തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് നടന്ന തിരക്കിട്ട കൂടിയാലോചനകള്‍ക്കൊടുവിലാണ് ഹൈക്കമാന്‍ഡ് എണ്‍പതുകാരനായ ഖാര്‍ഗെയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നെഹ്‌റു കുടുംബത്തിന് വിശ്വസിക്കാവുന്ന മറ്റൊരു നേതാവില്ലെന്നതും ഖാര്‍ഗെയിലേക്ക് എത്താന്‍ പ്രധാന കാരണമായി. ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന നിലപാട് പുറമേക്ക് സ്വീകരിച്ചിരിക്കുന്നതിനാല്‍ മാത്രമാണ് ഖാര്‍ഗെയുടെ പേര് ഹൈക്കമാന്‍ഡ് പ്രത്യേകമായി പ്രഖ്യാപിക്കാതിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ടത് വഴി ആരാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന കൃത്യമായ സൂചനയാണ് നെഹ്‌റു കുടുംബം നല്‍കിയിരിക്കുന്നത്. തരൂര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതു തന്നെയാണ്.

EXPRESS KERALA VIEW

Top