തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ നാട്ടുകാരെ പ്രശംസിച്ച് ശശി തരൂര്‍ എംപി. മണിക്കൂറുകള്‍ കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം കൊണ്ടോട്ടിയിലെ പ്രദേശവാസികള്‍ പൂര്‍ത്തിയാക്കിയത്.
മറ്റുള്ളവരില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് ഒത്തൊരുമയാണെന്നും പ്രളയ കാലത്തും മഹാമാരിക്കാലത്തും ഇപ്പോള്‍ വിമാനാപകടത്തിലും അതു കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അപകടമുണ്ടായാല്‍ ജാതിമത ഭേദമന്യേ മനുഷ്യര്‍ രക്ഷിക്കാനിറങ്ങുമെന്നും ഇതാണ് തന്റെ കേരള മാതൃകയെന്നും തരൂര്‍ പറയുന്നു. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ്. പലര്‍ക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവര്‍ കണക്കിലെടുത്തില്ല. അവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ മുന്‍പന്തിയില്‍ നിന്നെന്നും തരൂര്‍ പറയുന്നു.