യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍, അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്ന ഗുര്‍വിന്ദര്‍ സിങ്ങിന്റെ മരണം, കര്‍ഷക സമരത്തിലായിരുന്ന പിതാവ് പര്‍വിന്ദര്‍ സിങ്ങിനെ, യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഈ കുറുപ്പില്‍ അദ്ദേഹം പങ്കുവച്ചിരുന്നത്.
മൃതദേഹം ഏറ്റുവാങ്ങാന്‍ അമൃത്സറിലേക്ക് വരില്ലേ എന്ന ചോദ്യത്തിന്, പിതാവ് നല്‍കിയ മറുപടിയാണ് സകലരെയും അമ്പരപ്പിച്ചിരിക്കുന്നത്. ‘കര്‍ഷക സമരത്തില്‍ പങ്കെടുക്കുവാന്‍,”രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും ഗുര്‍വിന്ദറിന്റെ അമ്മയെയും കൂട്ടി ഇറങ്ങിയപ്പോള്‍ തിരിച്ച് വീട്ടില്‍ വരാന്‍ കഴിയുമോയെന്ന് അറിയില്ലെന്ന കാര്യം’ മകനെ വിളിച്ച് പറഞ്ഞിരുന്നതായാണ് ആ പിതാവ് പറഞ്ഞിരിക്കുന്നത്. ‘ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്, മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്’ പര്‍വിന്ദറിന്റെ വാക്കുകളില്‍ ഉറച്ച നിലപാട് പ്രകടമായിരുന്നു. മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെയാണ് ആ പിതാവ് ഏര്‍പ്പാടാക്കിയിരുന്നത്. മകന്റെ മൃതദേഹം പോലും അവസാനമായി കാണാന്‍ ശ്രമിക്കാതെ, സമരമുഖത്ത് ഉറച്ച് നില്‍ക്കാനുള്ള പിതാവിന്റെ മനസ്സ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഇതൊരു വേറിട്ട സംഭവമല്ല, സമാന നിലപാടുമായാണ്, ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ ഇപ്പോഴും സമരമുഖത്ത് തുടരുന്നത്. അതിജീവിനത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തെ പിന്തുണക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണ്. ചരിത്രപരമായ ആ ദൗത്യത്തില്‍ നമ്മുടെ ജനപ്രതിനിധികളുടെ പങ്കും നാട് വിലയിരുത്തേണ്ടതാണ്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കാര്‍ഷിക നിയമത്തിനെതിരായ പോരാട്ടത്തില്‍ ഇപ്പോള്‍ മുന്‍ നിരയിലുള്ള ഏക പാര്‍ലമെന്റംഗം കെ.കെ രാഗേഷാണ്. സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ ഭാരവാഹികൂടിയായ ഈ കമ്യൂണിസ്റ്റ് കൊടും തണുപ്പില്‍ കര്‍ഷകര്‍ക്കൊപ്പം ഡല്‍ഹി അതിര്‍ത്തിയിലെ ടെന്റിലാണ് താമസിക്കുന്നത്. പേരുപോലും അറിയാത്ത പതിനായിരക്കണക്കിനു മനുഷ്യര്‍ക്കു വേണ്ടിയും ഒരു നാടിന്റെ നന്മകള്‍ക്കു വേണ്ടിയുമാണ് രാഗേഷ് അടക്കമുള്ള നേതാക്കള്‍ പോരാടുന്നത്.
ട്രാക്ടര്‍ പരേഡില്‍ ട്രാക്ടര്‍ ഓടിച്ചു കൊണ്ട് നയിച്ചതും രാഗേഷാണ്. ഷാജഹാന്‍പൂരില്‍ നിന്നും ആരംഭിച്ച ഈ റാലിയില്‍ കര്‍ഷക നേതാക്കളായ അശോക് ധാവ്‌ളേ, അമ്രാറാം, വിജു കൃഷ്ണന്‍, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, നിതീഷ് നാരായണന്‍ തുടങ്ങിയവരും നേതൃത്വം നല്‍കുകയുണ്ടായി. പൊലീസ് ബാരിക്കേഡ് തകര്‍ത്താണ് ചെമ്പട ട്രാക്ടര്‍ റാലിയുമായി മുന്നേറിയിരുന്നത്. സി.പി.എമ്മിന് രാഷ്ട്രീയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും പലതും തങ്ങള്‍ക്കും സാധിക്കുമെന്നാണ് ചെങ്കൊടി ഇവിടെ തെളിയിച്ചിരിക്കുന്നത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും നിലവിലുണ്ട്. ഇവര്‍ക്കൊക്കെ സി.പി.എമ്മിനേക്കാള്‍ എത്രയോ കൂടുതല്‍ എം.പിമാരുമുണ്ട്. എന്നാല്‍ ഇവരുടെ ഒന്നും പൊടി പോലും സമരമുഖത്തില്ല. പ്രസ്താവന യുദ്ധത്തിനാണ് ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം.
കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ എല്ലാവര്‍ക്കും കര്‍ഷകരുടെ വോട്ടുകള്‍ വേണം. പക്ഷേ, അവര്‍ക്കൊപ്പം സമരമിരിക്കാന്‍ ഒരു താല്‍പ്പര്യമില്ല. പാലക്കാട്ട് ട്രയിന്‍ തടയാന്‍ ഓടിയ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്, ‘മൂത്ത’ കോണ്‍ഗ്രസ്സുകാരെ തിരുത്തുക എന്നതായിരുന്നു. ഹരിത വിപ്ലവം പ്രസംഗിക്കുന്ന മുസ്ലീംലീഗ് നേതാക്കളുടെ നിഴലും കര്‍ഷക സമരമുഖത്ത് ഇതുവരെ പതിഞ്ഞിട്ടില്ല. ലീഗിനും എം.പിമാര്‍ ഉണ്ടെന്നതും നാം ഓര്‍ക്കണം. കെ.കെ രാഗേഷിനെയാണ് ഇക്കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം കണ്ടു പഠിക്കേണ്ടത്. കൂറ്റന്‍ മണിമാളികകളില്‍ കിടന്നുറങ്ങുന്ന ശശി തരൂരിനെ പോലെയുള്ള എം.പിമാര്‍ക്ക് ഒരിക്കലും കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാവുകയില്ല. ശശി തരൂരിന് ഡല്‍ഹി പൊലീസിനോട് കടപ്പാടുണ്ടാകാം എന്നാല്‍, കര്‍ഷകര്‍ക്ക് അതിന്റെ യാതൊരു ആവശ്യവുമില്ല.
അക്രമങ്ങളെ മാത്രമല്ല അതിന് വഴിമരിന്നിട്ട ഭരണകൂടത്തിന്റെ നടപടിയും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. രണ്ട് മാസത്തിലധികമായി കൊടും തണുപ്പില്‍ സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരുടെ വികാരമാണ് ഡല്‍ഹിയില്‍ പൊട്ടിതെറിച്ചിരിക്കുന്നത്. 150 ഓളം കര്‍ഷകര്‍ മരണപ്പെട്ട സമരമുഖത്ത് നിന്നും വരുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നത് പൊലീസും തിരിച്ചറിയണമായിരുന്നു. ചെങ്കോട്ടയില്‍ കൊടി നാട്ടിയതിന് പിന്നില്‍ ഹിഡന്‍ അജണ്ട പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ‘തിരക്കഥയും സംഭാഷണവും’ വേറെയാണ്. അക്കാര്യം സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിട്ടുമുണ്ട്.
ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ സംഘത്തിന് നേതൃത്വം കൊടുത്ത ദീപ് സിദ്ദുവും നരേന്ദ്ര മോദിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണിത്. ചെങ്കോട്ടയില്‍ കൊടി നാട്ടിയതിന് കര്‍ഷകരെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ്സ് എം.പി ഈ കാഴ്ചയും കാണുന്നത് നല്ലതാണ്. ഭരണകൂടങ്ങള്‍ കര്‍ഷക സമരം തകര്‍ക്കാന്‍ എന്തും ചെയ്യും, അതിന് സഹായകരമായ നിലപാട് സ്വീകരിക്കുന്ന തരൂരിനെ പോലെയുള്ളവരാണ് ഈ നാടിന്റെ ശാപം.
ചെങ്കോട്ടയില്‍ ഇപ്പോള്‍ നാട്ടിയ കൊടി, ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായതിനാല്‍ മാത്രമാണ്, കര്‍ഷക സംഘടനകള്‍ അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇനിയും ഈ പ്രക്ഷോഭം കണ്ടില്ലന്ന് നടിച്ചാല്‍, മോദിയുടെ കസേരക്ക് മുകളില്‍ തന്നെയാണ് കര്‍ഷകര്‍ പ്രതിഷേധ കൊടി നാട്ടുക. അവര്‍ക്ക് അതും സാധ്യമാണെന്ന്, ഈ റിപ്പബ്ലിക്ക് ദിനത്തില്‍ തന്നെ, തെളിയിച്ചും കഴിഞ്ഞിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം കേന്ദ്ര സര്‍ക്കാറും മറക്കാതിരിക്കുന്നതാണ് നല്ലത്. ശത്രു സൈന്യത്തെ നേരിടുന്നത് പോലെ, കര്‍ഷകരെ നേരിടാന്‍ ഒരിക്കലും ശ്രമിക്കരുത്. അതെങ്ങാന്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുകയില്ല.