sasikala at parappana agrahara jail

ചെന്നെ: മുഖ്യമന്ത്രിയാകാന്‍ കൊതിച്ച് പടവെട്ടിയ ചിന്നമ്മ ഒടുവില്‍ അഴിക്കുള്ളിലായി .

മുന്‍പ് ജയലളിതയോടൊപ്പം വന്നപ്പോഴുള്ള വൈകാരിക പ്രകടനങ്ങളോ ആയിരകണക്കിന് ആരാധകരുടെ പ്രതിഷേധങ്ങളോ ഒന്നും തന്നെ ചിന്നമ്മക്ക് വേണ്ടി ബെംഗളൂരുവില്‍ നടന്നില്ല.

തമിഴകത്തും യാതൊരു അലയൊലിയും ഉണ്ടായില്ല. തങ്ങള്‍ ആഗ്രഹിച്ചത് നടന്നുവെന്ന പ്രതികരണമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നത്.

ജയലളിതയും ശശികലയും തമ്മിലുള്ള അന്തരം സ്വയം ശശികലക്ക് ബോധ്യപ്പെടുത്തുന്ന യാത്രകൂടിയായിന്നു ഈ ജയില്‍ യാത്ര.

സുരക്ഷാ പ്രശ്‌നമുണ്ടെന്ന ശശികലയുടെ ആവശ്യം പരിഗണിച്ച് കോടതിമുറി താല്‍കാലികമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുകയായിരുന്നു.

മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി പ്രാര്‍ഥന നടത്തിയശേഷം റോഡുമാര്‍ഗമാണ് ശശികല ബെംഗളുരുവിലെത്തിയത്. ശശികല പക്ഷത്തെ മുതിര്‍ന്ന നേതാവ് എം തമ്പിദുരൈ നേരത്തേതന്നെ ചെന്നൈയിലെത്തിയിരുന്നു.

കീഴടങ്ങാന്‍ സാവകാശം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. ഉടന്‍ കീഴടങ്ങണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വി എസ് സുധാകരന്‍, ജെ ഇളവരശി എന്നിവരും ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പി.സി ഘോഷ്, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരാണ് ശശികല ഉടന്‍ കീഴടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Top